സംസ്ഥാന സ്‌കൂള്‍ കലോത്സവവും കായികോത്സവവും ചെലവു ചുരുക്കി നടത്തി പ്രളയത്തില്‍ നശിച്ച സ്‌കൂളുകളിലെ കംപ്യൂട്ടര്‍ ലാബുകള്‍ പുനസ്ഥാപിക്കാന്‍ ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പ്രകടനങ്ങള്‍ക്ക് യാതൊരു കുറവും വരുത്താതെ കര്‍ട്ടണ്‍, പന്തല്‍, ആര്‍ഭാടകരമായ സദ്യ തുടങ്ങിയ കാര്യങ്ങള്‍ ചെലവുചുരുക്കിയാണ് മേളകള്‍ സംഘടിപ്പിക്കുക.
ഒറ്റപ്പാലം നിയോജകമണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതി ‘മികവി’ന്റെ ഭാഗമായുള്ള പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മന്ത്രി. രണ്ടായിരത്തോളം കമ്പൂട്ടര്‍ അനുബന്ധ വസ്തുക്കളാണ് സ്‌കൂളുകള്‍ക്ക് നഷ്ടമായത്. ഒരു മാസത്തിനകം തന്നെ മുഴുവന്‍ സ്‌കൂളുകളിലും നശിച്ച ലാബുകളും ഉപകരണങ്ങളും പുനസ്ഥാപിക്കാനാണ് സ്‌കൂള്‍ മേളകള്‍ ചെലവുചുരുക്കുന്നത്. കൂടാതെ, ഡിസംബറില്‍ അര്‍ധവാര്‍ഷിക പരീക്ഷ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന വിഷമിക്കുന്ന മനസ്സുകളെ പുനസൃഷ്ടിക്കലാണ് പുനര്‍നിര്‍മാണത്തിന്റെ അടിത്തറ. നൂറ്റാണ്ടിലെ വലിയ പ്രളയം കേരളം നേരിട്ടപ്പോള്‍ അവധിക്കു ശേഷം മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂളില്‍ കൃത്യമായി സ്‌കൂളില്‍ എത്തിയത് സംസ്ഥാനം സന്ദര്‍ശിച്ച യൂനിസെഫ് സംഘത്തെ പോലും അത്ഭുതപ്പെടിത്തിയെന്ന് മന്ത്രി സാക്ഷ്യപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം 195 കോടി മുടക്കി 8,9,10 ക്ലാസുകള്‍ ഹൈടെക്ക് ആയപ്പോള്‍ ഈ വര്‍ഷം കിഫ്ബിയില്‍ നിന്നും 300 കോടി ഉപയോഗിച്ച് എല്‍.പി, യു.പി വിഭാഗത്തില്‍ ഒരു കേന്ദ്രീകൃത കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പാലം മണ്ഡലത്തിലെ ഒന്നാം ക്ലാസ് ഡിജിറ്റലൈസ് ചെയ്യാന്‍ തുടങ്ങിയത് 2017ലാണ്. 85 സ്‌കൂളുകളിലെ 127 ക്ലാസ് മുറികളാണ് ഡിജിറ്റലൈസ് ചെയ്യുന്നത്. ഇതില്‍ ഒന്നാം ക്ലാസുകള്‍ മാത്രമാണ് എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും തുക ചെലവാക്കുന്നത് പൂക്കോട്ട്കാവ് സൗമ്യ കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ ഒറ്റപ്പാലം എം.എല്‍.എ. പി.ഉണ്ണി അധ്യക്ഷനായി. പൂക്കോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജയദേവന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.കെ ഹരിദാസ്, ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എന്‍.എം.നാരായണന്‍ നമ്പൂതിരി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്-ഗ്രാമ അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, മികവ് സമിതി അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.