പാലക്കാട്: 2019ല്‍ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാരെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ ക്ലാസ് റൂമിന്റെയും നവീകരിച്ച സയന്‍സ് ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുടെ അക്കാദമിക് നിലവാരമാണ് സ്‌കൂളിന്റെ പദവി അളക്കുന്നത്. കൃത്യമായി പഠിപ്പിക്കാനും പഠിക്കാനുമാണ് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ പഠനാന്തരീക്ഷം ഒരുക്കിയ സ്‌കൂള്‍ മാനെജ്മെന്റിനെയും അധ്യാപകരെയും പി.ടി.എ പ്രതിനിധികളെയും മന്ത്രി അഭിനന്ദിച്ചു. രസതന്ത്ര അധ്യാപകന്‍ കൂടിയായ മന്ത്രി ശാസ്ത്ര ലാബിലെത്തി പരീക്ഷണം നടത്തി വിദ്യാര്‍ഥികള്‍ക്ക് മാതൃക കാണിച്ചാണ് ലാബ് ഉദ്ഘാടനം ചെയ്തത്. സമാനമായി ഡിജിറ്റല്‍ ക്ലാസ് റൂമിലെത്തി ചന്ദ്രഗ്രഹണത്തിന്റെ മാതൃക വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു. ചടങ്ങില്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ നിധിന്‍നാഥ് വരച്ച മന്ത്രിയുടെ ഛായാച്ചിത്രവും പൂര്‍വ വിദ്യാര്‍ഥിയായ ദേവരാജന്‍ നിര്‍മിച്ച മന്ത്രിയുടെ മണ്‍പ്രതിമയും മന്ത്രിക്ക് കൈമാറി. പി.ഉണ്ണി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍, ശ്രീകൃഷ്ണപുരം എഡ്യു. സൊസൈറ്റി സെക്രട്ടറി പി.എ കാളിദാസന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, പി.ടി.എ അംഗങ്ങള്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവരും പങ്കാളികളായി.


പ്രളയക്കെടുതി: മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം
നൂറ്റാണ്ടിലെ തന്നെ വലിയ പ്രളയത്തിന് കേരളം സാക്ഷിയായപ്പോള്‍ സമൂഹത്തിലെ സമസ്ത മേഖലകളിലെയും ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. രണ്ടാം ഘട്ടമായ പുനരധിവാസത്തിന് സ്‌കൂളുകള്‍ വിട്ടുനല്‍കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിച്ചു. തുടര്‍ന്നും സ്‌കൂള്‍ മാനെജ് മെന്റിന്റെ പിന്തുണ നവകേരള സൃഷ്ടിക്ക് ആവശ്യമാണ്. ഓരോ വിദ്യാഭ്യാസ ജില്ലയും വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, ക്ലാസ് മുറി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി മാസ്റ്റര്‍പ്ലാനും എസ്റ്റിമേറ്റും വിദ്യാഭ്യാസ ഉപഡയറക്ടറിടെ നേതൃത്വത്തില്‍ തയ്യാറാക്കണം. പ്രസ്തുത സ്ഥലങ്ങള്‍ ഡി.ഡി.ഇ, എ.ഇ.ഒ എന്നിവര്‍ സന്ദര്‍ശിച്ച് വിവിധ ഉദ്യോഗസ്ഥരുടെ ചുമതലകള്‍ കൃത്യമായും നിരീക്ഷിക്കണം. 2019 ജൂണ്‍ ഒന്നിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും സ്മാര്‍ട്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യത്തെ പ്രളയക്കെടുതി ബാധിക്കരുത്. സ്‌കൂളുകളുടെ മതിലുകള്‍, പാചകപ്പുര, കളിസ്ഥലം തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനു വേണ്ടി സ്‌കൂള്‍ മാനെജ്മെന്റുകള്‍ ഗ്രാമസഭകളില്‍ പ്രപ്പോസലുകള്‍ സമര്‍പ്പിക്കണമെന്നും മന്ത്രി അറിയിച്ചു.