കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ആഭിമുഖ്യത്തില്‍ നാദാപുരം കല്ലാച്ചിയില്‍ ഖാദി സൗഭാഗ്യ വിപണന കേന്ദ്രം ആരംഭിച്ചു. കല്ലാച്ചി കോടതി റോഡില്‍ ആരംഭിച്ച ഖാദി സൗഭാഗ്യ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ മികച്ച പിന്തുണയാണ് ഖാദിക്ക് നല്‍കുന്നതെന്നും ഈ ഓണക്കാലത്ത് എല്ലാവരും ഖാദി ഉത്പന്നങ്ങള്‍ വാങ്ങി സമ്മാന പദ്ധതിയുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത വ്യവസായമായ ഖാദിയില്‍ ഭൂരിഭാഗം സ്ത്രീ തൊഴിലാളികളാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് മറ്റെങ്ങും ഇല്ലാത്ത വിധത്തിൽ കേരളത്തില്‍ ഇവർക്ക് മിനിമം കൂലി ഉറപ്പാക്കിയിട്ടുണ്ടെന്നും പി.ജയരാജന്‍ പറഞ്ഞു. ഖാദി ഉത്പന്നത്തിന്റെ ആദ്യ വില്പനയും അദ്ദേഹം നടത്തി.
സമ്മാന പദ്ധതിയില്‍ ബമ്പര്‍ സമ്മാനങ്ങളായി ഇലക്ട്രിക് കാര്‍, ഇലക്ട്രിക് സ്കൂട്ടര്‍, ഒരു പവന്‍ സ്വർണ്ണം (14 പേര്‍ക്ക്) എന്നിവയും നല്‍കുന്നുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് ബമ്പര്‍ നറുക്കെടുപ്പ്. ഓണം ഖാദി മേളയിൽ ഖാദി വസ്ത്രങ്ങള്‍ 30 ശതമാനം കിഴിവോടെ ആഗസ്റ്റ് 28 വരെ ലഭിക്കും.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രജീന്ദ്രന്‍ കപ്പള്ളി അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് ഡയറക്ടര്‍മാരായ ടി.സി മാധവന്‍ നമ്പൂതിരി, സി സുധാകരന്‍, ജില്ലാ പ്രാജക്ട് ഓഫീസര്‍ ഷിബി, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.