വനിതാ വികസന കോർപ്പറേഷൻ വനിതാ സംരംഭകർക്കായി ഒരുക്കുന്ന പ്രദർശന വിപണന മേള ‘എസ്കലേറ’യിലെ കലാപരിപാടികൾക്ക് രണ്ടാം ദിനവും നിറഞ്ഞ സദസ്സ്. വിമൻസെൽ കോളേജ് വിദ്യാർഥിനികളുടെ കലാപരിപാടികളായ തരംഗവും നാദം ഓർക്കസ്ട്രയുടെ ഗാനമേളയുമാണ് രണ്ടാംദിനത്തിൽ ബീച്ചിലെ വേദിയിൽ വിസ്മയം തീർത്തത്.
വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെയും കോഴിക്കോട് ദേവഗിരി കോളേജിലെയും വിദ്യാര്‍ത്ഥികളാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്.
വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഡസിബെല്‍ മ്യൂസിക് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു സംഗീത പരിപാടി. കേരള- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളിലെ തേന്‍ കുറുമ്പരുടെ(ജിനു കുറുമ്പര്‍) വേട്ടപ്പാട്ടാണ് ദേവഗിരി കോളേജിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ചത്. ബുരുഡ, ദമ്പട്ട മുതലായ വാദ്യങ്ങളാണ് ഉപയോഗിച്ചത്. സെമി ക്ലാസിക്കല്‍ ഡാന്‍സുമായും ദേവഗിരി കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ അരങ്ങിലെത്തി.
ഐഡിയ സ്റ്റാർ സിംഗർ താരങ്ങളും പ്രമുഖ പിന്നണി ഗായകരുമായ സായി ബാലൻ, ദീപക് ജെ.ആർ എന്നിവരുടെ നേതൃത്വത്തിലാണ് നാദം ഓർക്കസ്ട്രയുടെ ഗാനമേള അരങ്ങേറിയത്. പ്രായഭേദമന്യേ നിരവധി ആളുകളാണ് പരിപാടി കാണാൻ എത്തിയത്. മലയാളികള്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒരു പുഷ്പം മാത്രമെൻ..,കറുകവയൽ കുരുവി…. തുടങ്ങിയ ഒരുപിടി ഗാനങ്ങൾ ആലപിച്ച് കാണികളിൽ ആവേശത്തിന്റെ ആഘോഷരാവ് തീർത്തു.
ഇന്ന് വൈകുന്നേരം 6 മണി മുതൽ ഇംതിയാസ് ബീഗത്തിന്റെ നേതൃത്വത്തിൽ മെഹ്ഫിൽ അരങ്ങേറും.