സ്ത്രീകളുടെ സമ്പൂര്‍ണ്ണ ശാക്തീകരണമാണ് വനിതാ വികസന കോര്‍പ്പറേഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ബീച്ചില്‍ ആരംഭിച്ച വനിതാ സംരംഭക പ്രദര്‍ശന വിപണന മേള ‘എസ്‌കലേറ’ യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വനിതകൾക്ക് വേണ്ടി ഒരു പ്രൊജക്റ്റ് കൺസൾട്ടൻസി പദ്ധതി ഈ വർഷം പുതുതായി അവതരിപ്പിക്കുകയാണ് വനിതാ വികസന കോർപ്പറേഷൻ. ഇതിലൂടെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്രവും സ്വയം പര്യാപ്തതയും ലഭ്യമാക്കി സമഗ്ര ശാക്തീകരണം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടില്‍ 1152 കോടി രൂപയുടെ സംരംഭക വായ്പയാണ് വനിതാ വികസന കോര്‍പ്പറേഷന്‍ വഴി നല്‍കിയത്. ഇതില്‍ 945 കോടി രൂപ ഇക്കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലും 499.05 കോടിരൂപ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലും വിതരണം ചെയ്തു. കൂടാതെ പ്രത്യക്ഷമായും പരോക്ഷമായും 70,582 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും 35000 ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.
സംരംഭക വികസനത്തിന് പുറമെ, വനിതകള്‍ക്ക് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ പ്രവർത്തിച്ച് വരുന്നുണ്ട്. ജോലിക്ക് പോകുന്ന സ്ത്രീകളുടെ കുട്ടികൾക്കായി ഇത്തരം ഹോസ്റ്റലുകളിൽ ക്രഷുക ളും ഒരുക്കിയിട്ടുണ്ട്. വനിതാ ഹോസ്റ്റലുകൾ ഇല്ലാത്ത മറ്റു ജില്ലകളില്‍ കൂടി ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ലോകത്തിന് മാതൃകയായത് പോലെ രാജ്യത്തിന് മാതൃകയാകാൻ വനിതാ വികസന കോര്‍പ്പറേഷന് സാധിച്ചെന്ന് മന്ത്രി പറഞ്ഞു. അനന്ത സാധ്യതകളുള്ള വിവിധ മേഖലകളിലേക്ക് വാതിലുകള്‍ തുറന്ന് ഉദാത്തമായ മാതൃകകള്‍ സൃഷ്ടിക്കാന്‍ വനിതാ വികസന കോര്‍പ്പറേഷന് സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.
മേയര്‍ ഡോ.ബീന ഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി. വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ശര്‍മിള മേരി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ പി ദിവാകരന്‍, കൗണ്‍സിലര്‍ ആർ റംലത്ത്, കേരള വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരായ ഗ്രേസ് എം.ഡി, ആര്‍ ഗിരിജ, പെണ്ണമ്മ തോമസ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സബീന ബീഗം എസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോർഡിനേറ്റര്‍ ആര്‍ സിന്ധു, കനറാ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി സ്വാഗതവും വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ വി.കെ പ്രകാശിനി നന്ദിയും പറഞ്ഞു.