മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആവോലി ഗ്രാമപഞ്ചായത്ത്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ജനകീയ ഹരിത ഓഡിറ്റ് സഭ ചേര്‍ന്നു. ജനകീയ ഓഡിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സിനു കൈമാറി. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതില്‍ ഭരണസമിതി സ്വീകരിച്ച നടപടികളും തുടര്‍ന്നും പഞ്ചായത്തില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തങ്ങളെക്കുറിച്ചും സഭയില്‍ ചര്‍ച്ച ചെയ്തു.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ അടിയന്തരഘട്ട പ്രവര്‍ത്തനകളുടെ ഭാഗമായി പഞ്ചായത്തില്‍ നിരവധി മാലിന്യ സംസ്‌കരണ പ്രവര്‍ത്തങ്ങളാണ് നടപ്പാക്കിയത്. പൊതു ഇടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നു ആദ്യ ഘട്ടം. വൃത്തിഹീനമായ വിവിധ ജലസ്രോതസുകള്‍ ശുചീകരിച്ചു. പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ അജൈവമാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണവും തരംതിരിക്കലും ഊര്‍ജിതമാക്കി.

ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ പൊതു ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളാണ് സ്വീകരിക്കുന്നത്.

മാലിന്യ സംസ്‌കരണ പ്രവര്‍ത്തങ്ങളെ ശക്തിപ്പെടുത്താന്‍ നിരവധി പദ്ധതികള്‍ തുടര്‍ന്നും പഞ്ചായത്തില്‍ നടപ്പാക്കും. അതിനായി ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ ഉപാധികള്‍ ഇല്ലാത്ത മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ബയോബിന്‍ പോലുള്ള മാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിക്കും. അതുവഴി ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനാകും. ജൈവമാലിന്യ സംസ്‌കരണത്തിന് സൗകര്യമില്ലാത്ത കോളനികള്‍ പോലുള്ള സ്ഥലങ്ങളില്‍ കമ്മ്യൂണിറ്റി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

മാലിന്യക്കൂനകള്‍ നീക്കം ചെയ്തിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ച പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ കൃത്യമായ സമയങ്ങളില്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കും.

ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശിക സമിതി രൂപീകരിച്ച് പൊതു ഇടങ്ങള്‍ വൃത്തിയാക്കി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുവേണ്ട സൗകര്യമൊരുക്കും. അതുവഴി വരുംവര്‍ഷങ്ങളില്‍ പഞ്ചായത്തിന് മാലിന്യമുക്ത പഞ്ചായത്താക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് പറഞ്ഞു.

സ്ഥിരം സമിതി അധ്യക്ഷ ആന്‍സമ്മ വിന്‍സന്റ്, പഞ്ചായത്ത് അംഗങ്ങളായ അഷ്‌റഫ് മൊയ്തീന്‍, ഷാജു വടക്കന്‍, ശ്രീനി വേണു, ശുചിത്വ മിഷന്‍ മുനിസിപ്പല്‍-ബ്ലോക്ക് കോ-ഓഡിനേറ്റര്‍ ഹാസ്മി, പഞ്ചായത്ത് സെക്രട്ടറി എ.എസ്. മനു, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സ്മിത വിനു തുടങ്ങിയവര്‍ പങ്കെടുത്തു.