മലമ്പുഴ റിംഗ് റോഡ്,അകത്തേത്തറ മേല്‍പ്പാലം എന്നിവയടക്കമുള്ള മലമ്പുഴ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എ ജില്ലാ കലക്ടര്‍ ഡി.ബാലമുരളിക്ക് കത്ത് നല്‍കി. വനംവകുപ്പില്‍ നിന്ന ്‌റിംഗ് റോഡിനായുള്ള ഭൂമി വിട്ടു കിട്ടുന്നതിനായി നിരാക്ഷേപ പത്രം നല്‍കേണ്ടത് സര്‍ക്കാരാണ്.അകത്തേത്തറ നടക്കാവ് മേല്‍പ്പാലനിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കല്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കേണ്ടതുണ്ട്.പ്രളയത്തില്‍ വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായവും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.പുതുശേരി ഗ്രാമപഞ്ചായത്തിലെ ചെല്ലന്‍കാവ്,ഏരി,ചുള്ളിമട ഏരി,മരുതറോഡ് ഗ്രാമപഞ്ചായത്തിലെ മലമ്പുഴ കനാല്‍ ബണ്ടുകള്‍,ആറങ്ങോട്ടുകുളമ്പ് പാലം, കരിമന്‍കാട് പാലം,പടലിക്കാട് പാലവും റോഡും, എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ എടുപ്പുകുളം ചെക്ക് ഡാം, നെല്ലിയാമ്പള്ളം കനാല്‍ ബണ്ട് എന്നിവ ഉള്‍പ്പെടെ പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.