ഭവനരഹിതരില്ലാത്ത നഗരസഭയായി മാറാനൊരുങ്ങി മാനന്തവാടി നഗരസഭ. ഭവനരഹിതരായ 1,587 ഗുണഭോക്താക്കള്‍ക്ക് പി.എം.എ.വൈ – ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കുന്നതിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് മാനന്തവാടി നഗരസഭ. പി.എം.എ.വൈ – ലൈഫ് പദ്ധതിയുടെ നാലാംഘട്ടമാണ് പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്നത്. നാലാം ഘട്ടത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഒക്‌ടോബര്‍ പതിനഞ്ചിനകം കരാറിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
നാലു ലക്ഷം രൂപയാണ് പദ്ധതി പ്രകാരം വീടു നിര്‍മ്മിക്കാന്‍ നല്‍കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിന് പുറമെ 32 കോടിയോളം ചെലവഴിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. ഇതിനോടനുബന്ധിച്ചു നടന്ന നാലാം ഘട്ട ഗുണഭോക്തൃ സംഗമം നഗരസഭ അദ്ധ്യക്ഷന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ ശോഭ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.ടി ബിജു, പി.എം.എ.വൈ കോഡിനേറ്റര്‍ ഷമീര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലില്ലി കുര്യന്‍, വര്‍ഗീസ് ജോര്‍ജ്ജ്, കടവത്ത് മുഹമ്മദ്, പി.വി ജോര്‍ജ്ജ്, ശാരദ സജീവന്‍, എ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു