കേരളത്തിൽ ഉത്പാദിപ്പിക്കുന്ന തേൻ കേരള ബ്രാൻഡ് എന്ന പേരിൽ വിപണിയിൽ എത്തിക്കാനാവണമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. വി.ജെ.ടി. ഹാളിൽ നടന്ന തേനീച്ച കർഷക സംഗമവും തേൻ മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള തേനിന്റെ ഗുണനിലവാരം നിശ്ചയിച്ച് പൊതു ബ്രാൻഡിൽ ഇറക്കുന്നതിന് കർഷക സംഘടന തയ്യാറായാൽ സർക്കാർ ഒപ്പമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. തേനിന്റെ വിപണി കണ്ടെത്തുന്നതിനും ഇടപെടലുണ്ടാവണം. കേരള തേൻ ലോക മാർക്കറ്റ് ലക്ഷ്യമിടണം. ഇതിനായി പൊതുവായ നിർമാണ, പരിപാലന രീതി പാലിക്കണം. അടുത്ത വർഷം മുതൽ തേനീച്ച കൃഷിയെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
കെ. മുരളീധരൻ എം. എൽ. എ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപ്പികൾച്ചറിസ്റ്റ് പ്രസിഡന്റ് എം. ആർ. സജയകുമാർ, ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ദേവനേശൻ, ഹോർട്ടികോർപ് എം. ഡി ഡോ. ബാബു തോമസ്, കനറ ബാങ്ക് ജനറൽ മാനേജർ ജി. കെ. മായ, കെ. പി ലളിതാമണി, മുരളീധരൻ തഴക്കര, ഗീതാ വി. നായർ എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ പരിപാടിയിൽ വിവിധ സെഷനുകളിലായി ചർച്ചകൾ നടക്കും.