സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ മുഴുവന്‍ ബ്ലൈന്റ് സ്‌കൂളുകളും ഉടനെ ഹൈടെക് ആക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. കരിമ്പുഴയിലെ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ ശതാബ്ദി സ്മാരക അന്ധവിദ്യാലയത്തിന് അനുവദിച്ച സ്‌കൂള്‍ വാനിന്റെ താക്കോല്‍ കൈമാറ്റച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് സി.എസ്.ആര്‍ ഡെപ്യൂട്ടി ജനറല്‍ മാനെജര്‍ സുധീഷില്‍ നിന്നാണ് മന്ത്രി താക്കോല്‍ ഏറ്റുവാങ്ങിയത്. സ്‌കൂളുകളിലെ പാര്‍ശ്വവത്ക്കരണം ഒഴിവാക്കാന്‍ കാഴ്ചപരിമിതിയുള്ള ഒന്ന് മുതല്‍ പത്താം തരം വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യയില്‍ തന്നെ ആദ്യമായി ബ്രെയില്‍ ലിപിയില്‍ പാഠപുസ്തകം തയ്യാറാക്കിയത് കേരളത്തിലാണ്. കാഴ്ച്ചയില്ലാത്തവരുടെ പ്രശ്നം ഗൗരവകരമാണെന്നും വിദ്യാഭ്യാസ വകുപ്പ് ഇവ നേരിടുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് വാഹനം നല്‍കിയ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിനെ മന്ത്രി അഭിനന്ദിച്ചു. സ്‌കൂളിന്റെ വക മൊമന്റോയും കൈമാറി.

പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്താനാവാത്ത കാഴ്ചശക്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഈ വാഹനം വളരെ ഉപകാരപ്രദമാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കാഴ്ച്ചയില്ലാത്തവരുടെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കാഴ്ച്ചയില്ലാത്തവരുടെ സംസ്ഥാനതല സംഘടനയായ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് (കെ.എഫ്.ബി) നടത്തുന്ന വിദ്യാലയമാണ് ഇത്. പി.ഉണ്ണി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കെ.എഫ്.ബി പ്രതിനിധികള്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുക്കും.