കളമശ്ശേരിയുടെ കാർഷിക പ്രൗഢിയുമായി സാംസ്‌കാരിക ഘോഷയാത്ര

കളമശ്ശേരിയുടെ കാർഷിക പ്രൗഢി വിളിച്ചോതി കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവത്തിന് ആവേശോജ്വലമായ തുടക്കം. കളമശ്ശേരിയുടെ നിരത്തിൽ വൈവിധ്യങ്ങൾ നിറച്ചുകൊണ്ട് കളമശ്ശേരി നഗരസഭ മുതൽ ഉദ്ഘാടന വേദി വരെ വർണ്ണാഭമായ ഘോഷയാത്ര കാർഷികോത്സവത്തിന് മുന്നോടിയായി നടന്നു.

നടൻ മമ്മൂട്ടി കുരുത്തോലനാട മുറിച്ചുകൊണ്ട് കാർഷികോത്സവത്തിന്റെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിച്ചു. കളമശ്ശേരി മണ്ഡലത്തിലെ കാർഷിക വൈവിധ്യം വിളിച്ചോതി പര്യടനം നടത്തിയ കടമ്പൻ മൂത്താൻ മാഞ്ഞാലിയിലെ പച്ചക്കറി തോട്ടത്തിന് സമീപത്തു നിന്ന് പെരിയാറിൽ നിന്ന് മൺകുടത്തിൽ കൊണ്ടുവന്ന വെള്ളം പകർന്ന് നടൻ മമ്മൂട്ടിയും മന്ത്രി പി രാജീവും ചേർന്ന് വൃക്ഷത്തൈ നട്ടു.

മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെയും സഹകരണ സംഘങ്ങളുടെയും നേതൃത്വത്തിൽ നടന്ന ഫ്ലോട്ടുകൾ ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. പുലികളി, തെയ്യം, പഞ്ചവാദ്യം, വനിതകളുടെ ശിങ്കാരിമേളം, തുടങ്ങിയ ദൃശ്യ ശ്രാവ്യ മനോഹാരിതയോടെയായിരുന്നു ഘോഷയാത്ര. തിരുവനന്തപുരം ഓർഗാനിക് തിയറ്ററിന്റെ കടമ്പൻ മൂത്താനും ഘോഷയാത്രയിൽ അണിചേർന്നു.

മന്ത്രി പി. രാജീവ്‌, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി സുജിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, സഹകരണ സംഘങ്ങൾ, കർഷകർ തുടങ്ങിയവർ ഘോഷയാത്രയിൽ അണിചേർന്നു.

ഘോഷയാത്രയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സഹകരണ സംഘങ്ങൾക്കും ഉള്ള സമ്മാനദാനം ചടങ്ങിൽ മന്ത്രി പി രാജീവ് നിർവഹിച്ചു.

കളമശ്ശേരി മണ്ഡലത്തിലെ കൃഷിയിടങ്ങളിൽ ഉത്പാദിപ്പിച്ച വിഭവങ്ങൾ വിൽപനക്കെത്തിക്കാൻ വഴിയൊരുക്കുന്ന നാട്ടുചന്തയാണ് കാർഷികോത്സവത്തിന്റെ പ്രത്യേക ആകർഷണം. സമീകൃതാഹാരം, ചക്ക, കിഴങ്ങ്, അരി – ഗോതമ്പ്, മില്ലറ്റ്, ആദിവാസി തനത് വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേളയും മറ്റൊരാകർഷണമാണ്. കേരളത്തിന്റെ തനത് രുചകളെ പരിചയപ്പെടുത്തുന്ന ഭക്ഷണ വിഭവങ്ങളെല്ലാം ഭക്ഷ്യ മേളയും വരും ദിവസങ്ങളിൽ മേളയിലും ഉണ്ടാകും.

ഉദ്ഘാടന ചടങ്ങിനു ശേഷം വിപണന സ്റ്റാളുകൾ മന്ത്രി പി. രാജീവും ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷും സന്ദർശിച്ചു.