കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്ന ഹോം ഷോപ്പ് സംവിധാനം ശ്രദ്ദേയമാകുന്നു. ഹോം ഷോപ്പ് സംരംഭത്തിലൂടെ ഇതുവരെ 78 ലക്ഷം രൂപയുടെ വിറ്റ് വരവുണ്ടാക്കി. പ്രാദേശിക സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 2021 ലാണ് പദ്ധതി ആരംഭിച്ചത്. സുല്‍ത്താന്‍ബത്തേരി കേന്ദ്രീകരിച്ചാണ് ‘ഹോം ഷോപ്പ് ജില്ലാ മാനേജ്‌മെന്റ് ആന്റ് മാര്‍ക്കറ്റിംഗ് സെന്റര്‍’ പ്രവര്‍ത്തിക്കുന്നത്.

കുടുംബശ്രീ അയല്‍ക്കൂട്ട സംരംഭകര്‍ നിര്‍മ്മിക്കുന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഹോം ഷോപ്പ് ജില്ലാ മാനേജ്‌മെന്റ് ടീം ശേഖരിക്കുകയും വാര്‍ഡ് തലത്തില്‍ അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഹോം ഷോപ്പ് ഓണര്‍മാരിലൂടെ അയല്‍ക്കൂട്ടങ്ങളിലും അയല്‍പക്ക പ്രദേശങ്ങളിലും നേരിട്ട് എത്തിച്ച് വിപണനം ചെയ്യുന്ന രീതിയാണ് ഹോം ഷോപ്പ് സംവിധാനം. എച്ച്.എസ്.ഒമാര്‍ എന്ന നിലയില്‍ ഇരുന്നൂറോളം അയല്‍ക്കൂട്ട സ്ത്രീകള്‍ക്ക് നേരിട്ട് വരുമാനം ലഭിക്കും. മുപ്പതില്‍പ്പരം സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും ഉപഭോക്താക്കള്‍ക്ക് മായം കലരാത്ത ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കാനും ഹോം ഷോപ്പ് സംവിധാനത്തിലൂടെ സാധിക്കും.

മായമില്ലാത്ത നാടന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, കറിപ്പൊടികള്‍, കരകൗശല വസ്തുക്കള്‍, ക്ലീനിങ് ഉല്‍പ്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കും. കുടുംബശ്രീ ഗ്രാമീണ ഉല്‍പ്പന്നങ്ങളെ വിപണിക്കാവശ്യമായ രീതിയില്‍ വികസിപ്പിച്ചു ഗുണമേന്മയും തനിമയും ഉറപ്പ് വരുത്തി വീടുകളിലെത്തിച്ചു വില്‍പ്പന നടത്തുക എന്ന ദൗത്യമാണ് ഹോം ഷോപ്പിലൂടെ നടപ്പിലാക്കുന്നത്. ഗ്രാമീണ സംരംഭകരെ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില, ചെലവ് എന്നിവ നിര്‍ണ്ണയിക്കുന്നതിനും അസംസ്‌കൃത വസ്തുക്കള്‍, പാക്കിങ്, ലേബലിങ് എന്നിവയിലും സഹായം നല്‍കുന്നുണ്ട്.

ജില്ലാ മിഷന്റെ കീഴില്‍ മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റിന്റെ നേതൃത്വത്തില്‍ 3 പേരടങ്ങുന്ന ജില്ലാ മാനേജ്‌മെന്റ് ടീമാണ് ഹോം ഷോപ്പ് സംവിധാനത്തെ നിയന്ത്രിക്കുന്നത്. ജില്ലയില്‍ നാലു ബ്ലോക്കുകളിലായി സി.ഡി.എസിന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത എച്ച്.എസ്.ഓമാരാണ് കമ്മീഷന്‍ അടിസ്ഥാനത്തില്‍ വിപണന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ 105 ഹോം ഷോപ്പ് ഓണര്‍മാരുള്ള സംവിധാനത്തില്‍ 200 എച്ച്.എസ്.ഒമാരെ നിയമിക്കുകയും മിനിമം 10,000 രൂപയുടെ സെയില്‍സ് എന്ന നിലയില്‍ ഒരു മാസം 20 ലക്ഷം രൂപയുടെ വിറ്റു വരവാണ് പ്രതീക്ഷിക്കുന്നത്. 2.5 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവിലൂടെ ഗ്രാമീണ സംരംഭകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഹോം ഷോപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എച്ച്.എസ്.ഒമാര്‍ക്ക് ആവശ്യമായ സെയില്‍സില്‍ പരിശീലനം, യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, ബാഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നാണ് ലഭ്യമാക്കുന്നത്. രണ്ടു മാസത്തിനുള്ളില്‍ ജില്ലയിലെ 512 വാര്‍ഡുകളിലും ഹോം ഷോപ്പ് ഓണര്‍മാരെ വിന്യസിച്ചുകൊണ്ട് മാര്‍ക്കറ്റിംഗ് രംഗത്ത് വലിയ മാറ്റമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.