സംസ്ഥാന സ്കൂൾ കായിക മേളയിലെ ട്രാക്ക് , ഫീൽഡ് മത്സരങ്ങൾക്ക് കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്ക് പര്യാപ്തമെന്ന് പൊതുവിദ്യാഭ്യാസ ടെക്നിക്കൽ കമ്മിറ്റി. സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായി സിന്തറ്റിക് ട്രാക്ക് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പരിശീലന ഗ്രൗണ്ട് ഒരു മാസത്തിനകം പണി പൂർത്തീകരിക്കുന്നതോടെ ഗ്രൗണ്ടിൽ മത്സരാർത്ഥികൾക്ക് വാമപ്പ് ചെയ്യുന്നതിനുള്ള സൗകര്യവും ലഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ എം കെ ഷൈൻ മോൻ പറഞ്ഞു.

കായിക മത്സരങ്ങൾ രാത്രിയിലും നടത്തുന്നതിന് താത്കാലിക ഫ്ലഡ് ലിറ്റ് സംവിധാനമൊരുക്കും. മീഡിയ പവലിയൻ , ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി എന്നിവ ഉൾപ്പെടെ ആശുപത്രി സൗകര്യവും ഏർപ്പെടുത്തും. മത്സരാർത്ഥികൾക്കായി ഇ ടോയ്ലറ്റ് സംവിധാനം ഒരുക്കും. സംസ്ഥാന കായിക മത്സരം പൊതു ജനങ്ങൾക്ക് കാണാനുള്ള സൗകര്യവും ഒരുക്കുമെന്ന് ടെക്നിക്കൽ കമ്മിറ്റി അറിയിച്ചു.പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം കെ ഷൈൻ മോൻ ,സംസ്ഥാന സ്പോർട്സ് കോഡിനേറ്റർ എൽ ഹരീഷ് ശങ്കർ ,ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ എസ് പി പിള്ള ,യു ഹരിദാസ് എന്നിവരടങ്ങുന്ന സംഘമാണ് സിന്തറ്റിക് ട്രാക്ക് പരിശോധന നടത്തിയത്.