വനിതാ വികസന കോർപ്പറേഷൻ വനിതാ സംരംഭകർക്കായി ഒരുക്കുന്ന പ്രദർശന വിപണന മേള ‘എസ്കലേറ’യിൽ അരങ്ങേറിയ മെഹ്ഫിൽ സംഗീതാസ്വാദകരുടെ മനം കവർന്നു.

ഭൂമിയിൽ നിന്നും ആകാശങ്ങളിലേക്ക് പടരുന്ന പ്രണയാനുഭവങ്ങളുടെ സൂഫി സംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി. ‘പാർവ്വണ ചന്ദ്രിക പകലിരുന്നുറങ്ങുന്ന ‘ എന്ന് തുടങ്ങുന്ന ഗാനത്തോടെ ആരംഭിച്ച സംഗീത സദസ്സിൽ കാണികളുടെ ഇഷ്ട ഗാനങ്ങൾ ചോദിച്ചറിഞ്ഞാണ് ഇംതിയാസ് ബീഗം പോയകാലത്തിന്റെ സംഗീത മാധുര്യത്തിലേക്ക് കോഴിക്കോടിന്റെ കലാസ്വാദകരെ വീണ്ടുമെത്തിച്ചത്.

ആർദ്രമായ പ്രണയവും നൊമ്പരവും ചേർത്ത സംഗീതത്തിന്റെ മാസ്മരിക ലോകത്ത് ശ്രുതിമധുരമായ ശബ്ദവുമായി റാസാ ബീഗം ദമ്പതിമാരുടെ കുഞ്ഞു മകൾ സൈനുയും വേദിയിലെത്തി. നീയെറിഞ്ഞെ കല്ല് എന്ന പാട്ട് ആരാധകരുടെ ഖൽബിൽ പൂവിതൾ സ്പർശനമായി മാറ്റി.

റാസ ബീഗം സംഗീത ബാന്റ് ആരംഭിച്ച ശേഷം ആദ്യമായാണ് ഇംതിയാസ് ബീഗം ഒരു സദസ്സിന് മുന്നിൽ ഗസൽ സംഗീതവുമായി എത്തുന്നത് എന്ന പ്രത്യേകതയും ‘എസ്കലേറ’ യുടെ വേദിക്കുണ്ടായിരുന്നു.

സമീൽ സിക്കാനിയുടെ തബലയും സൽമാന്റെ കീ ബോർഡും, സമീർ ഉബായിയുടെ ഗിറ്റാറും, വിവേകിന്റെ വയലിനും താള വിസ്മയം തീർത്തപ്പോൾ പൂർത്തിയാവാത്ത പ്രണയം പോലെ ഒരിക്കൽ കൂടി കേൾക്കാനും അനുഭവിക്കാനും കൊതിച്ച്, കോഴിക്കോട്ടെ ഗസൽ ആസ്വാദകർ വേദി വിട്ട് മടങ്ങി.