സംസ്ഥാനത്തെ ആദ്യ ബ്ലോക്ക്തല സ്കിൽ സഭയ്ക്ക് മാനന്തവാടിയിൽ തുടക്കമായി. മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്റ്റിൽ പാർക്കും ജില്ലാ നൈപുണ്യ സമിതിലും സംയുക്തമായി സംഘടിപ്പിച്ച സ്കിൽ സഭ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു.

ജില്ലയിലെ വിവിധ കാര്യാലയങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഇരുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. അസാപ് ഉൾപ്പെടെ മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ നൈപുണ്യ വികസന കേന്ദ്രങ്ങളിലെ പ്രതിനിധികൾ കോഴ്സ് വിവരങ്ങൾ പങ്കുവച്ചു.

അസാപ് ജില്ല പ്രോഗ്രാം മാനേജർ കെ.എസ് ഷഹന ആമുഖ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിസ്ട്രിക്ട് പ്ലാനിംഗ് ഓഫീസർ പി.ആർ രത്നേഷ്, അസിസ്റ്റന്റ് ഡിസ്ട്രിക്ട് പ്ലാനിംഗ് ഓഫീസർ സി.പി സുധീഷ്, മഹാത്മാ ഗാന്ധി നാഷണൽ ഫെല്ലോ അൻവർ സാദത്ത് എന്നിവർ സ്കിൽ സഭക്ക് നേതൃത്വം നൽകി.

സ്കിൽ സഭയുടെ ഭാഗമായി സംഘടിപ്പിച്ച “ചാറ്റ് വിത്ത് സബ് കളക്ടർ ” പരിപാടിയിൽ മാനന്തവാടിയിലെ വിവിധ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കുകയും സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയുമായി സമകാലിക വിഷയങ്ങൾ ആസ്പദമാക്കി സംവദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി ഓഗ്മെന്റഡ് റിയാലിറ്റി, വർച്ച്വൽ റിയാലിറ്റി എന്നിവയും പരിചയപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇന്ദിരാ പ്രേമചന്ദ്രൻ, വി. ബാലൻ, എടവക ഗ്രാമ പഞ്ചായത്ത് മെമ്പർ ലിസി ജോൺ, ഗവ. ആർട്ട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. അബ്ദുൽ സലാം, പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പാൾ സുധാദേവി എന്നിവർ സംസാരിച്ചു.