പാലക്കാട്: വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള ദേശീയ പാത അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് പട്ടികജാതി- പട്ടിക വര്‍ഗ്ഗ- പിന്നാക്ക ക്ഷേമ- നിയമ-സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്റെ പ്രതിനിധി ആവശ്യപ്പെട്ടു. നിലവില്‍ വടക്കാഞ്ചേരി മുതല്‍ കുതിരാന്‍ വരെയുള്ള മേഖലയില്‍ വലിയ തോത്തിലുള്ള കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനു എത്രയും വേഗം പരിഹാരം കാണണമെന്ന മന്ത്രിയുടെ പ്രതിനിധി ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
ദേശീയ പാതയില്‍ വടക്കാഞ്ചേരി അഞ്ച്മൂര്‍ത്തി മംഗലം പ്രദേശത്ത് ബസുകള്‍ ബൈപ്പാസ് ഉപയോഗിക്കാതെ ഹൈവേയില്‍ തന്നെ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമാക്കുന്നുവെന്നും മന്ത്രി എ.കെ. ബാലന്റെ പ്രതിനിധി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ഈ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയാല്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കഞ്ചേരി, കണ്ണമ്പ്ര, പോത്തുചാടി തുടങ്ങിയ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമാണ്. ഈ മേഖലയില്‍ സോളാര്‍ വേലിയും കിടങ് നിര്‍മാണവും വേഗത്തില്‍ നടത്തണമെന്നും മന്ത്രിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് തടയണ, ചെറിയ പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും നടത്താമെന്നും എംബി രാജേഷ് എംപി നിര്‍ദ്ദേശിച്ചു. ജലസേചന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ വികസന വകുപ്പ് എന്നിവയെ സംയോജിപ്പിച്ച് ഇത്തരം പ്രദ്ധതികള്‍ നടത്തണമെന്നും എം.ബി രാജേഷ് എം.പി പറഞ്ഞു.
ജലസേചന വകുപ്പിന്റെ കീഴിലുള്ള കനാലുകള്‍ അത്രയും വേഗം വൃത്തിയാക്കണമെന്ന് കൃഷ്ണന്‍ കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. ഡാം മുതല്‍ കനാലിന്റെ കൈവഴികള്‍ വരെ വൃത്തിയാക്കണം. അല്ലാത്ത പക്ഷം കൃഷിക്കാര്‍ക്ക് വെള്ളമുണ്ടായിട്ടും ആവശ്യമായ വെള്ളം ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുമെന്നും എംഎല്‍എ പറഞ്ഞു. നിലവില്‍ പലയിടത്തും കനാലില്‍ ചെളി നിറഞ്ഞും വശങ്ങള്‍ ഇടിഞ്ഞും കിടക്കുന്നതിനാല്‍ വെള്ളം ഡാമില്‍ നിന്നു കനാലിന്റെ അവസാനം വരെ എത്തില്ല. കനാലുകള്‍ വൃത്തിയാക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ നവകേരളം മിഷന്റെ ഭാഗമായ നാല് പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും ജില്ലയിലെ ഓഫീസുകള്‍ മുഖേന നടത്തുന്ന പദ്ധതികളുടെയും അവലോകനം നടത്തി. പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്യോഗസഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എംഎല്‍എമാരായ വി.ടി. ബലറാം, കെ.ഡി. പ്രസേനന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.