വഴിയില്ലാതെ ജീവിതം വഴിമുട്ടിയ വൃദ്ധ ദമ്പതികളുടെ കുടുംബത്തിന് വഴിയൊരുക്കി ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് അടൂര്‍ കൈതപ്പറമ്പ് കെവിവിഎസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് സന്നദ്ധ സേവനത്തിലൂടെ വേറിട്ട മാതൃക സൃഷ്ടിച്ചത്. വര്‍ഷങ്ങളായി വീട്ടിലേക്കുള്ള വഴി കാടുപിടിച്ച്  ദുരിതം പേറൂകയായിരുന്നു ഏനാത്ത് കൈതപറമ്പ് കിഴക്കേതില്‍ വീട്ടിലെ മാധവനും പങ്കജാക്ഷിയും. പ്രധാന റോഡില്‍ നിന്ന് കല്ലും മുള്ളും നിറഞ്ഞ് കാടുകയറിയ ഇടുങ്ങിയ നടവഴിയിലൂടെ വേണം ഇവരുടെ വീട്ടിലെത്താന്‍. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഊന്നുവടിയുടെ സഹായത്തോടെ മാത്രമേ ഇവര്‍ക്ക് നടക്കാന്‍ കഴിയൂ. 82 വയസുള്ള മാധവനും 72 വയസുള്ള ക്യാന്‍സര്‍ രോഗിയായ പങ്കജാക്ഷിക്കും സ്വന്തമായി വഴി വൃത്തിയാക്കാന്‍ ശേഷിയുള്ളവരായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ കാരുണ്യത്താല്‍ വഴി ഒരുങ്ങിയതോടെ ജീവിതത്തിന് പുതുവെളിച്ചം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. രോഗം കലശലായാല്‍ ആശുപത്രിയിലെ ത്തിക്കണമെങ്കില്‍ ചുമന്ന് റോഡിലെത്തിക്കണം. ഏകമകള്‍ വിവാഹശേഷം അകലെയാണ് താമസിക്കുന്നത്. സഞ്ചാരയോഗ്യമായ വഴിയില്ലാത്തതു കാരണം രോഗബാധിതരായ ഈ വയോധികര്‍ ഏറെ ദുരിതത്തിലായിരുന്നു. ഇതിനിട യിലാണ് വീടിന് സമീപമുള്ള ചില കോളേജ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍ ഈ കാര്യം പെട്ടത്.പിന്നീട് വിദ്യാര്‍ത്ഥികള്‍ അധ്യാപകരുമായി സംസാരിച്ച് വഴി വൃത്തിയാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. കോളേജ് പ്രിന്‍സിപല്‍ റോബിന്‍ ചാക്കോ പൂര്‍ണ പിന്തുണയുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നു. 20 പേരടങ്ങുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഒരു ദിവസം നീണ്ട ശുചീകരണ പ്രവര്‍ത്തനത്തിലൂടെ വഴി പൂര്‍ണ സജ്ജമാക്കി കൊടുത്തു. വീട്ടിലേക്കുള്ള വഴി കുട്ടികളുടെ ഇടപെടലിലൂടെ സഞ്ചാര യോഗ്യമായതിന്റെ സന്തോഷത്തിലാണ് ഇന്ന് ഈ വൃദ്ധ ദമ്പതികള്‍.