ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ഖാദി ബോര്‍ഡിന്റെ ലക്ഷ്യമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് പറഞ്ഞു. പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന ഏഴിക്കാട് ഖാദി ഉല്‍പാദന കേന്ദ്രത്തിന്റെ പുനസമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശോഭന ജോര്‍ജ്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അത് പൂര്‍ണമായും സഹായമാകുന്നത് സ്ത്രീകള്‍ക്കാണെന്നും, വിപണിയില്‍ അവശ്യകതയുള്ള ഉത്പന്നങ്ങള്‍ നെയ്താല്‍ പ്രത്യേക ശമ്പള വര്‍ദ്ധനവ് ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. പ്രളയത്തിനു ശേഷം പ്രവര്‍ത്തനം ആരംഭിക്കുന്ന കേരളത്തിലെ തന്നെ ആദ്യത്തെ ഖാദി യൂണിറ്റ് ആണ് ഏഴിക്കാട് ഖാദി ഉല്പാദന കേന്ദ്രം. പ്രളയത്തില്‍ 45000 രൂപയുടെ പത്തു തറികള്‍, 13000 രൂപ വരുന്ന 50 ചര്‍ക്കകള്‍, സ്ലൈവര്‍ എന്നിങ്ങനെ 20 ലക്ഷം രൂപയുടെ നഷ്ടമാണ് ഉല്പാദന കേന്ദ്രത്തിന് ഉണ്ടായത്. എന്നാല്‍ ഒരു മാസം കൊണ്ട് പഴയ പ്രൗഢി തിരിച്ചുപിടിച്ച് പ്രവര്‍ത്തനം ആരംഭിചിരിക്കുകയാണ് ഏഴിക്കാട് ഖാദി ഉല്പാദന കേന്ദ്രം. പുതിയ 25 ചര്‍ക്കകള്‍ ഉപയോഗിച്ചാണ് ഇവര്‍ നൂല് നൂല്‍പ് ആരംഭിച്ചത്. ഗാന്ധി ജയന്തി വരാചാരണത്തിന്റെ ഭാഗമായി ഖാദി യൂണിറ്റും പരിസര ശുചീകരണം നടത്തി. ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഖാദി ബോര്‍ഡ് ഡയറക്ടര്‍ എം സുരേഷ് ബാബു, ഖാദി വര്‍ക്കേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് അമൃതം ഗോകുലന്‍, വാര്‍ഡ് മെമ്പര്‍മാരായ സോമവല്ലി, സൂസന്‍ സാമുവല്‍, ഖാദി പ്രൊജക്റ്റ് ഓഫീസര്‍ പി റ്റി അനുമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.