സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരമാവധി ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ്. പ്രളയത്തിന്റെ ഭാഗമായി നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തിലൂടെ ക്ലൗഡ് സെര്‍വര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലായി സൂക്ഷിക്കുവാന്‍ കഴിയും. ഭാവിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെടുന്ന പ്രതിസന്ധിയുണ്ടായാല്‍ അത്തരം സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും. പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട പൊതുജനങ്ങള്‍ അദാലത്തുകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. അദാലത്തിനെത്തിയ അപേക്ഷകരെ നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരത്തിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിച്ച ശേഷമാണ് കളക്ടര്‍ മടങ്ങിയത്. അദാലത്തിലെത്തിയവരില്‍ ഭൂരിഭാഗവും ആധാരവും ആധാര്‍ കാര്‍ഡും നഷ്ട്ടപ്പെട്ടവരായിരുന്നു. ഐ ടി മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 25 അക്ഷയ സംരംഭകരും ഉദ്യോഗസ്ഥരും അടങ്ങുന്ന അക്ഷയ ടീം കര്‍മ്മനിരതരായി അദാലത്തിനാവശ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും സേവനങ്ങളും ഉറപ്പാക്കി. കോഴഞ്ചേരി ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ അധ്യക്ഷത വഹിച്ചു. എഡിഎം പി.ടി. എബ്രഹാം, കോഴഞ്ചേരി തഹസില്‍ദാര്‍ ചന്ദ്രശേഖരക്കുറുപ്പ്, എല്‍ ആര്‍ തഹസില്‍ദാര്‍ സതിയമ്മ, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ കെ.ധനേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആധാര്‍, റേഷന്‍കര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ് രേഖകള്‍, ചിയാക്ക്, പഞ്ചായത്ത് രജിസ്‌ട്രേഷന്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, ഇ-ഡിസ്ട്രിക്ട്, ഇലക്ഷന്‍ ഐഡി, എസ് എസ് എല്‍ സി, ഇന്‍ഷുറന്‍സ് എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് അദാലത്തിലൂടെ വീണ്ടെടുത്ത് നല്‍കുന്നത്.