ഓണവിപണി കീഴടക്കാൻ വൈവിധ്യമാർന്ന തനത് ഉത്പന്നങ്ങളുമായി കളക്ട്രേറ്റിൽ കുടുംബശ്രീയുടെ ജില്ലാതല വിപണന മേള ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ ഉദ്ഘാടനം നിർവഹിച്ചു. ‘ഒന്നായ് ഓണം കുടുംബത്തോടൊപ്പം കുടുംബശ്രീക്കൊപ്പം’ എന്ന ആപ്തവാക്യത്തിലൂന്നി കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണന മേള ഓഗസ്റ്റ് 26 വരെയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ കുടുംബശ്രീ പ്രവർത്തകർ നിർമിച്ച അമ്പതിൽപരം ഉത്പ്പന്നങ്ങളാണ് മേളയിൽ ഉള്ളത്.
കുടുംബശ്രീ ഉത്പന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികളും മൂല്യവർധിത ഉത്പന്നങ്ങളും ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുകയാണ് ലക്ഷ്യം.കുടുംബശ്രീ ബസാർ വഴി വിവിധ കുടുംബശ്രീ യൂണിറ്റുകൾ കൈകോർത്ത് ഉത്പാദിപ്പിക്കുന്ന പത്തിൽ അധികം വിഭവങ്ങൾ ചേർന്ന ഓണക്കിറ്റ് ഈ വർഷത്തെ പ്രത്യേകതയാണ്. 500 രൂപ വിലവരുന്ന ഓണക്കിറ്റ് ജില്ലാ കലക്ടർ തൃശൂർ സി ഡി എസ് രണ്ടിലെ ചെയർപേഴ്സൺ രെഗുല കൃഷ്ണകുമാറിന് നൽകി ആദ്യ വിൽപന നടത്തി.
കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധതരം അച്ചാറുകൾ, ചിപ്‌സുകൾ, നാടൻ പച്ചക്കറികൾ, കായക്കുലകൾ, ശർക്കര വരട്ടി, വിവിധതരം കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, പുളിഞ്ചി, വിവിധ പലഹാരങ്ങൾ, ധാന്യപൊടി വെളിച്ചെണ്ണ, ജൂട്ട് തുണി ബാഗുകൾ, ജൂട്ട് തുണി ആഭരണങ്ങൾ, സോപ്പ്, മിൽക്ക് ഷാമ്പൂ, കുത്താമ്പുള്ളി തുണിത്തരങ്ങൾ, നാളികേരം, സൗന്ദര്യവർധക വസ്തുക്കൾ, കരകൗശല ഉത്പ്പന്നങ്ങൾ, വിവിധതരം പായസങ്ങൾ എന്നിവയെല്ലാം മേളയിൽ ലഭ്യമാകും.
കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ എ കവിത, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ കെ രാധാകൃഷ്ണൻ, കെ കെ പ്രസാദ്, മാർക്കറ്റിങ് ഡിപിഎം ഷോബുനാരായണൻ, മൈക്രോ എന്റർപ്രൈസസ് ഡി പി എം ആദർശ് പി ദയാൽ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.