പാലക്കാട്: പിരായിരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാംവാര്‍ഡില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മന്ത്രി എ.കെ.ബാലന്‍ ഏറ്റുവാങ്ങി. ഒമ്പതാംവാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ സമാഹരിച്ച 1,27, 310 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. 59 തൊഴിലുറപ്പ് തൊഴിലാളികളുടെ നാല് ദിവസത്തെ വേതനമായ 64310 രൂപ, 18 കുടുംബശ്രീകളില്‍ നിന്നുള്ള 45000 രൂപ, ആശപ്രവര്‍ത്തകര്‍ നല്‍കിയ 4000, വാര്‍ഡ് മെമ്പറുടെ രണ്ട് മാസത്തെ വേതനമായ 14000 രൂപ എന്നിവയുള്‍പ്പെടുന്ന തുകയാണ് കൈമാറിയത്. പള്ളിക്കുളം ഒമ്പതാം വാര്‍ഡില്‍ നടന്ന പരിപാടിയില്‍ ലെന്‍സ്ഫെഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഫെഡറേഷന്‍ നല്‍കുന്ന തുകയായ ഒരു ലക്ഷം മന്ത്രിക്ക് കൈമാറി. സംഘടനയിലെ അംഗമായ പട്ടാമ്പി സ്വദേശി രാമചന്ദ്രന്റെ മകന്‍ അതുല്‍ കൃഷ്ണ കാഴ്ചവൈകല്യത്തിന് ലഭിക്കുന്ന 3500 രൂപയുടെ പെന്‍ഷനും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വാര്‍ഡ് മെമ്പര്‍ എം.നസീര്‍ അധ്യക്ഷനായ പരിപാടിയില്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ സി.ഗിരിജ, സി.ഡി.എസ്.മെമ്പര്‍ ഷൈനി പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.