പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ മാംസ വ്യാപാര കേന്ദ്രങ്ങളിലായി തിരൂരങ്ങാടി താലൂക്കിൽ പടിക്കൽ, പറമ്പിൽപ്പീടിക എന്നിവിടങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പരിശോധനയിൽ 12 കടകളിലായി 11 ക്രമക്കേടുകൾ കണ്ടെത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്ക രീതിയിൽ ത്രാസ് പ്രദർശിപ്പിക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസൻസുകൾ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസർ കർശന മുന്നറിയിപ്പ് നൽകി.
ക്രമക്കേട് കണ്ടെത്തിയ കടകൾക്ക് നോട്ടീസ് നൽകി. ഇത്തരത്തിൽ കണ്ടെത്തുന്ന ക്രമക്കേടുകളിൽ തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. റേഷനിങ് ഇൻസ്‌പെക്ടർമാരായ എ.എം. ബിന്ധ്യ, സി.എ ഹാസിം, ഇസ്ഹാഖ് പോത്തഞ്ചേരി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ, പൊതുവിതരണം, റവന്യൂ, ലീഗൽ മെട്രോളജി, ഫുഡ് ആൻഡ് സേഫ്റ്റി, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് ജില്ലയിലുടനീളം വ്യാപക പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനയിൽ എല്ലാവരുടെയും സഹകരണം ജില്ലാ സപ്ലൈ ഓഫീസർ അഭ്യർഥിച്ചു