ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

വകുപ്പിനു കീഴിലെ സർവ്വകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർഥികൾക്കും ഈ  ഈ സമയം ലഭിക്കും. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇത്- മന്ത്രി അറിയിച്ചു.

അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ സ്വീകരിക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ എന്നിവർക്ക് ഇതിനുള്ള നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.