സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടവും സംയുക്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ജില്ലയിൽ തിരി തെളിഞ്ഞു. സെപ്തംബർ രണ്ടുവരെ ജില്ലയിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഓണം വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.

വാരാഘോഷത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന്  വൈകീട്ട് നാലിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് കലകാരന്മാർ അവതരിപ്പക്കുന്ന തെയ്യം അരങ്ങിലെത്തും. ആറിന് ലിസി ജോണും സംഘവും അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. 6.15 ന് വൈഷ്ണവി മനോജ് അവതരിപ്പിക്കുന്ന കേരള നടനം. 6.30 ന് പനവല്ലി സ്കൂൾ അധ്യാപകൻ ജയരാജന്റെ ഓടക്കുഴൽ വായന, വൈകീട്ട് ഏഴിന് പിന്നണി ഗായിക അനിത ഷെയ്ക്കും സംഘവും അവതരിപ്പിക്കുന്ന ഡാഫോഡിൽസ് സംഗീതനിശ എന്നിവയും അരങ്ങിലെത്തും.

ആഗസ്റ്റ് 30 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ രാവിലെ 9 ന് പൂക്കള മത്സരം, വൈകീട്ട് 4 ന് ഇരുചക്രവാഹനത്തില്‍ പ്രച്ഛന്ന വേഷം, തോല്‍പ്പാവക്കൂത്ത്, ബാംബു മ്യൂസിക് എന്നിവ നടക്കും. ആഗസ്റ്റ് 31 ന് രാവിലെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്ക്കൂൾ ഗ്രൗണ്ടില്‍ രാവിലെ 9 ന് വടംവലി, വൈകീട്ട് 4 ന് ഷൂട്ടൗട്ട്, 5 ന് മോഹിനിയാട്ടം, ഭരതനാട്യം, 6 ന് മ്യൂസിക്കല്‍ നൈറ്റ് എന്നിവയും നടക്കും.
ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലുകൾ, ടൂറിസം ക്ലബ്ബുകൾ, ടൂറിസം ഓർഗനൈസേഷനുകൾ, കുടുംബശ്രീ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെയും സഹകരണത്തോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്.