കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ ഏര്‍പ്പെടുത്തിയ സ്‌കൂള്‍ വിക്കി അവാര്‍ഡ് വിതരണം ഒക്‌ടോബര്‍ നാല് വൈകിട്ട് 3.30ന് മലപ്പുറം ജി.ജി.എച്ച്.എസ്.എസില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വിതരണം ചെയ്യും. സൂകൂള്‍ വിക്കിയില്‍ ഏറ്റവും മികച്ച രീതിയില്‍ വിവരങ്ങള്‍ നല്‍കുന്ന സ്‌കൂളിന് കൈറ്റ് ഏര്‍പ്പെടുത്തിയ പ്രഥമ കെ.ശബരീഷ് സ്മാരക പുരസ്‌കാരം മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ്.എസ് അരീക്കോടാണ് ലഭിച്ചത്. വയനാട് വാകേരി ജി.വി.എച്ച്.എസ്.എസ്,  തിരുവനന്തപുരം വെങ്ങാനൂര്‍ ഗവ.മോഡല്‍ എച്ച്.എസ്.എസ്  എന്നീ സ്‌കൂളുകള്‍ക്കാണ് സംസ്ഥാനതലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍.
സംസ്ഥാനതലത്തില്‍ ട്രോഫിക്കും പ്രശംസാപത്രത്തിനും പുറമേ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും, രണ്ടും മൂന്നും സമ്മാനങ്ങള്‍ അമ്പതിനായിരം, ഇരുപതിനായിരം രൂപ വീതവുമാണ്. ജില്ലാതലത്തില്‍ ഒന്നും രണ്ടും സമ്മാനാര്‍ഹരായവര്‍ക്ക് ട്രോഫിയും പ്രശംസാപത്രവും യഥാക്രമം പതിനായിരം, അയ്യായിരം, രൂപ വീതവും ലഭിക്കും.