തൃപ്രയാർ ജലോത്സവത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ പാലാഴി ന്യൂ പല്ലവി ബോട്ട് ക്ലബിന്റെ താണിയൻ വള്ളവും ബി ഗ്രേഡ് വിഭാഗത്തിൽ തൃപ്രയാർ യുണൈറ്റഡ് ബ്ലോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് വള്ളവും ജേതാക്കളായി.

എ ഗ്രേഡിൽ രണ്ടാം സ്ഥാനം പൊഞ്ഞനത്തമ്മ വള്ളവും മൂന്നാം സ്ഥാനം ഗോതുരുത്ത് പുത്രൻ വള്ളവും കരസ്ഥമാക്കി. ബി ഗ്രേഡിൽ രണ്ടാം സ്ഥാനം പമ്പാവാസൻ വള്ളവും, മൂന്നാം സ്ഥാനം ജിഎംഎസ് ദേശം വള്ളവും നാലാം സ്ഥാനം മയിൽ വാഹനൻ വള്ളവും കരസ്ഥമാക്കി.

സഞ്ചരിക്കാവുന്ന എല്ലാ തൊടികളിലും മതിലുകൾ കെട്ടിയതുപോലെ കുട്ടികളുടെ മനസുകളിലും മതിലുകൾ തീർക്കാത്ത കേരളത്തെ തിരിച്ചുകൊടുക്കാൻ ഓണാഘോഷത്തിലൂടെ കഴിയണമെന്ന് തൃപ്രയാർ കിഴക്കേനട സരയൂ തീരത്ത് തൃപ്രയാർ ജലോത്സവം ഉദ്ഘാടനം ചെയ്ത് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

സി സി മുകുന്ദൻ എം എൽ എ ജലോത്സവ ഫ്ളാഗ് ഓഫ് കർമ്മവും നിർവഹിച്ചു. ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനവും നൽകി. നെഹ്റു ട്രോഫിയിൽ തുഴക്കാരായി നാടിന്റെ അഭിമാനമായി മാറിയ ആൽബിൻ, വൈശാഖ്, പ്രതീഷ് എന്നിവരെ ജില്ലാ കലക്ടർ ആദരിച്ചു.

ഇരുപത്തിനാല് ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങളാണ് തൃപ്രയാർ ജലോത്സവത്തിൽ എ, ബി എന്നീ ഗ്രേഡുകളിലായി അണിനിരന്നത്. നാട്ടിക, താന്ന്യം എന്നീ പഞ്ചായത്തുകളിലായി തൃപ്രയാർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് തൃപ്രയാർ ജലോത്സവം ഒരുങ്ങിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, ഡോ. വിഷ്ണുഭാരതീയ സ്വാമി എന്നിവർ മുഖ്യാതിഥികളായി.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സി പ്രസാദ്, കെ കെ ശശിധരൻ, ജില്ലാ പഞ്ചായത്തംഗം ഷീന പറയങ്ങാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ രതി അനിൽകുമാർ , എം ആർ ദിനേശൻ, എം എ ഹാരിസ് ബാബു, എ എസ് ദിനകരൻ , ശ്രീകല സന്തോഷ്, സംഘാടക സമിതി ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, ചെയർമാൻ പി എം അഹമ്മദ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.