ജലവിതരണം തടസപ്പെടുന്ന പഞ്ചായത്തുകള്‍ പട്ടിക അടിയന്തരമായി നല്‍കണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശം

കനാല്‍ ജലസേചനം സുഗമമാക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. ജലവിതരണം തടസപ്പെടുന്നത് ഒഴിവാക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി കനാല്‍ വൃത്തിയാക്കണമെന്ന് കെ.ഡി. പ്രസേനന്‍ എം.എല്‍.എയുടെ ആവശ്യം സര്‍ക്കാരിനെ അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇത്തരത്തില്‍ തനത് ഫണ്ട് ഉപയോഗിക്കുന്നതിന് സര്‍ക്കാരില്‍നിന്ന് പെര്‍മിസീവ് സാങ്ഷന്‍ ആവശ്യമുള്ളതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.


ജല്‍-ജീവന്‍ മിഷനില്‍ ഉള്‍പ്പെട്ട വല്ലപ്പുഴ-ഓങ്ങല്ലൂര്‍-കാരക്കാട് റോഡ് പുനര്‍നിര്‍മാണ പ്രവൃത്തി  ആരംഭിക്കാന്‍  കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനായി റോഡിന്റെ ഇരുവശങ്ങളിലും പൈപ്പ്  സ്ഥാപിക്കേണ്ടതുണ്ട്. റോഡ് വെട്ടിപ്പൊളിക്കുന്നത്  ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ ഓണത്തിന് ശേഷം  റോഡില്‍ പൈപ്പ് സ്ഥാപിച്ച് റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതാണെന്ന്  വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ജലക്ഷാമം നേരിടുന്ന വല്ലപ്പുഴയ്ക്ക് വേണ്ടി  പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് സ്‌കൂള്‍ കേന്ദ്രീകരിച്ച് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളും കടകളും കേന്ദ്രീകരിച്ച്  സ്‌പെഷ്യല്‍ ഡ്രൈവ് നടത്തണം.

അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ബോധവല്‍ക്കരണം നടത്താനും പി.ടി.എ യോഗങ്ങള്‍ ഉപയോഗപ്പെടുത്താനും നിര്‍ദേശിച്ചു. വണ്ടാഴി ഗ്രാമപഞ്ചായത്ത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കെ.എല്‍.യു നല്‍കുന്നതിന് കൃഷിഭവനില്‍ പെന്‍ഡിങ്ങുള്ള അപേക്ഷകളുടെ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 15നകം നല്‍കണമെന്ന്  ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ പാട്ടക്കരാര്‍ അവസാനിച്ച തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴിലും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ കെ.  ബാബു എം.എല്‍.എയുടെ നേതൃത്വത്തില്‍  തോട്ടം തൊഴിലാളികളെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗം വിളിക്കാനും തീരുമാനമായി. കര്‍ഷകര്‍ക്കുള്ള ഉഴവുകൂലിയും ഇന്‍ഷുറന്‍സും വേഗത്തില്‍ ആക്കാനുള്ള സംവിധാനം ചെയ്യണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.

ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.ഡി. പ്രസേനന്‍, പി.മമ്മിക്കുട്ടി, കെ.ബാബു,  മുഹമ്മദ് മുഹ്‌സിന്‍, വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങള്‍, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ. ഡി അമൃതവല്ലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.