സമഗ്ര ശുചിത്വ പരിപാടിയും സര്‍വേയും ആരംഭിച്ചു
കൊച്ചി: ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന ഗാന്ധി ജയന്തി വാരാഘോഷങ്ങള്‍ക്ക് പറവൂര്‍ ബ്ലോക്കില്‍ തുടക്കമായി. തീവ്ര ശുചീകരണ പരിപാടിയുടെ ഭാഗമായുള്ള സമഗ്ര ശുചിത്വ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമാ ശിവശങ്കരന് അധ്യക്ഷയായി. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിനികളും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും മഹിള പ്രധാന് ഏജന്റുമാരും ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും വൃത്തിയാക്കി. സെന്റ് തെരേസാസ് കോളേജിലെ സിവില്‍ സര്‍വീസ് ഗ്രൂമിംഗ് പ്രോഗ്രാമിന്റെ കീഴിലുള്ള 21 വിദ്യാര്‍ത്ഥിനികളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായ ഇവരുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം സിവില്‍ സര്‍വീസ് ഗ്രൂമിംഗ് പ്രോഗ്രാമിന്റെ ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ഡിവിനയ്ക്കാണ്. പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേന്ദമംഗലം കുറുമ്പന്തുരുത്ത്, ചെല്ലാനം എന്നിവിടങ്ങളിലും ഇവര്‍ സേവനം നല്‍കിയിരുന്നു. സാക്ഷരതാ മിഷന് കീഴിലുള്ള എഴുപതോളം പത്താം തരം, പ്ലസ് ടു തുല്യതാ പഠിതാക്കളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
പ്രളയാനന്തര കേരളം എങ്ങനെ ചിന്തിക്കുന്നു, എന്ത് ചിന്തിക്കുന്നു എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടപ്പാക്കുന്ന സര്‍വേയുടെ ബ്ലോക്ക് തല ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. പ്രളയാനന്തരം കേരളത്തിന്റെ പുനര്‍ നിര്‍മാണത്തെ സംബന്ധിച്ച് സമൂഹത്തിന്റെ മനസ്സറിയാനായാണ് സാക്ഷരതാ മിഷന് സര്‍വ്വേ നടത്തുന്നത്. വ്യക്തിഗത വിവരങ്ങളും പ്രളയാനന്തരം ചെയ്യേണ്ട കാര്യങ്ങളും അതിന്റെ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ. പരിശീലനം ലഭിച്ച സെന്റര്‍ കോര്‍ഡിനേറ്റര്‍മാരാണ് സര്‍വ്വേ ഏകോപിപ്പിക്കുന്നത്. ചോദ്യാവലി പരിചയപ്പെടുത്തിയുള്ള പരിശീലനം തുല്യതാ പഠിതാക്കള്‍ക്കും നല്‍കിയിരുന്നു. കാലാവസ്ഥ വ്യതിയാനം, പ്രകൃതിക്ഷോഭം, മാലിന്യ സംസ്കരണം, പരിസ്ഥിതി സൗഹാര്‍ദ്ദ ജീവിതം, ദുരന്ത പ്രതിരോധം തുടങ്ങിയവയില്‍ ശാസ്ത്രീയവും പ്രായോഗികവുമായ അവബോധ രൂപീകരണം നടത്തുകയാണ് സാക്ഷരതാ മിഷന് ലക്ഷ്യം. ഒരു തുല്യതാ പഠിതാവ് അഞ്ച് വീടുകളില്‍ സര്‍വ്വേ നടത്തണം. ഈ മാസം ഏഴ് വരെ നടത്തുന്ന സര്‍വ്വേയുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബര്‍ 13ന് സര്‍ക്കാരിന് സമര്‍പ്പിക്കും. തയ്യാറാക്കിയ സര്‍വെയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ്. ഏകദേശം ഇരുന്നൂറ്റി അമ്പതോളം തുല്യതാ പഠിതാക്കളാണ് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളത്.
ഗാന്ധി ജയന്തി ആഘോഷങ്ങളോടൊപ്പം തന്നെ 201920 വര്‍ഷത്തെ ആസൂത്രണ സമിതി വര്‍ക്കിംഗ് ഗ്രൂപ്പ് ആലോചനാ യോഗവും ബ്ലോക്ക് ഓഫീസില്‍ സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.ജി കമലാകാന്ത പൈ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരി കണ്ടംമുറി, ജോയിന്റ് ബി.ഡി.ഒ എ.വി സന്തോഷ്, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ കെ.ബി ശ്രീകുമാര്‍, പ്രദീപ് വി.എ, സുരേഷ് ജെ നായര്‍, ഹെഡ് ക്ലര്‍ക്ക് കെ.ജെ ജോയന്, ഹെഡ് അക്കൗണ്ടന്റ് ഷീല എ.ജി എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: 1)പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി സംസാരിക്കുന്നു.
2) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും ചേര്‍ന്ന് ഓഫീസ് പരിസരം വൃത്തിയാക്കുന്നു.