കൊച്ചി: ജില്ലയിലെ കലാലയങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിനുള്ള ഗ്രീന്‍ ക്യാംപസ് ക്ലീന്‍ ക്യാംപസ് പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം. എല്ലാ ക്യാംപസുകളിലും ഡിസംബര്‍ 31നകം ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കളമശ്ശേരി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍വഹിച്ചു.
ശുചിത്വം സംസ്‌കാരത്തിന്റെ ഭാഗമാക്കാന്‍ വിദ്യാര്‍ഥികള്‍ മുന്‍കൈയെടുക്കണമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികളിലൂടെ കുടുംബത്തിലേക്കും സമൂഹത്തിലേക്കും ശുചിത്വ സംസ്‌കാരത്തിന്റെ സന്ദേശമെത്തണം. ക്യാംപസില്‍ നടക്കുന്ന പരിപാടികളും കുടുംബത്തില്‍ നടക്കുന്ന ചടങ്ങുകളും ഹരിത മാര്‍ഗരേഖ പ്രകാരം നടത്താന്‍ ശ്രമിക്കണം. ജപ്പാന്‍ പോലുള്ള വികസിത രാജ്യങ്ങള്‍ പരിസര ശുചിത്വത്തിനു നല്‍കുന്ന പ്രാധാന്യം കളക്ടര്‍ ചൂണ്ടിക്കാട്ടി. ശുചിത്വത്തിന് പ്രാധാന്യം നല്‍കുന്ന സംസ്‌കാരമാണ് ഇന്ത്യക്കുമുള്ളത്. ശുചിത്വത്തിന്റെ സന്ദേശം പകര്‍ന്നു തന്ന ഗാന്ധിജിയുടെ 150-ാം ജ•ദിനാഘോഷ വേളയില്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ പരിസര ശുചിത്വത്തില്‍ ഏറ്റവും മികച്ച ജില്ലയാകാന്‍ നമുക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സംഭാവനയാണ് എന്‍എസ്എസ് നല്‍കിയതെന്ന് ജില്ല കളക്ടര്‍ അഭിപ്രായപ്പെട്ടു. പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പുനര്‍നിര്‍മ്മാണത്തിലും എന്‍എസ്എസിന് കൂടുതല്‍ പങ്ക് വഹിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ക്യാംപസുകളും ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ എന്‍ എസ് എസ് ടെക്നിക്കല്‍ സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ക്യാംപസുകളിലെയും എന്‍ എസ് എസ് യൂണിറ്റുകള്‍ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. ജില്ലാതലത്തില്‍ ഗവ. പോളിടെക്നിക്ക് പരിസരം എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. ക്യാംപസുകളില്‍ ഹരിത മാര്‍ഗരേഖ നടപ്പാക്കിയാണ് പദ്ധതി ആരംഭിക്കുക. മാലിന്യങ്ങള്‍ ക്യാംപസിനുള്ളില്‍ തന്നെ സംസ്‌കരിക്കുന്നതിന് സംവിധാനമൊരുക്കുക, ഇ വേസ്റ്റ് ശേഖരണം തുടങ്ങിയവ ശുചിത്വ മിഷനുമായി സഹകരിച്ച് നടപ്പാക്കും.
ഗവ. പോളിടെക്നിക് പ്രിന്‍സിപ്പല്‍ വി.എന്‍.ലീല അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ടെക്നിക്കല്‍ സെല്‍ റീജ്യണല്‍ കോ-ഓര്‍ഡിനേറ്റര്‍, സിജോ ജോസ്, ഹരിത കേരളം ജില്ല കോഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, ശുചിത്വ മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ സിജു തോമസ്, എസ്.ഐ.ടി.ടി.ടി.ആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എന്‍. ഷംസുദ്ദീന്‍, എന്‍എസ്എസ് കുസാറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഗിരീഷ് കുമാര്‍ എന്‍. തമ്പി, ജില്ല പ്രോഗ്രാം ഓഫീസര്‍ എ. രാകേഷ്, ഗവ. പോളിടെക്നിക്ക് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശരത് ചന്ദ്രബാബു, വിവിധ കോളേജുകളില്‍ നിന്നുള്ള എന്‍ എസ് എസ് വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.