കൊച്ചി: പ്രളയം നല്‍കിയ അറിവുകളും തിരിച്ചറിവുകളും നവകേരള നിര്‍മ്മിതിക്ക് ഊര്‍ജമാകട്ടെ എന്ന ആഹ്വാനവുമായി പ്രളയാനന്തര കേരളത്തിന്റെ പുനര്‍ജീവനം സെമിനാര്‍. ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ല ലൈബ്രറി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ആലുവ അശോകപുരം വിദ്യാവിനോദിനി ലൈബ്രറി ഹാളില്‍ നടന്ന ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. നവകേരള നിര്‍മ്മാണത്തിനായുളള ആശയാവതരണ വേദിയായി പരിപാടി മാറി. അനുഭവങ്ങളേക്കാള്‍ വലിയ പാഠങ്ങളില്ലെന്ന് വിഷയം അവതരിപ്പിച്ച ആലുവ യുസി കോളേജ് പ്രൊഫസര്‍ ഡോ. ഗീതിക പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാംപായിരുന്ന യുസി കോളേജിന് നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയിലുളള അനുഭവം അവര്‍ പങ്കുവെച്ചു. മഴയ്ക്ക് കവികളും കലാകാരന്മാരും പല ഭാവങ്ങളും ചാര്‍ത്തിക്കൊടുക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു അധ്യാപികയേപ്പോലെയാണ് മഴ അവതരിച്ചത്. ചില തിരിച്ചറിവുകള്‍ നല്‍കാന്‍. ഒത്തുകൂടാനും പങ്കുവെക്കാനും പഠിപ്പിക്കാന്‍അവര്‍ പറഞ്ഞു.
വലിയ കൂട്ടായ്മയുടെ സന്ദേശമാണ് പ്രളയം നല്‍കിയതെന്ന് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് പറഞ്ഞു. പഞ്ചായത്തിലെ 18 വാര്‍ഡുകളിലും പ്രളയക്കെടുതിയുണ്ടായി. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും സംയോജിപ്പിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞു. മനുഷ്യസ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും മഹത്തായ മാതൃകയാണ് ലോകത്തിന് മലയാളി സമൂഹം കാട്ടിക്കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ജില്ല ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഗ്രന്ഥശാലകള്‍ക്കുള്ള പുസ്തക സമാഹരണത്തിനും ചടങ്ങില്‍ തുടക്കമായി. ആലുവ വിദ്യാവിനോദിനി ലൈബ്രറിയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പും നല്‍കിയ പുസ്തകങ്ങള്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍ ഏറ്റുവാങ്ങി. പറവൂര്‍, ആലുവ മേഖലകളില്‍ 95 കോടി രൂപയുടെ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. നന്മയുടെ വിളക്കുകള്‍ കെട്ടുപോയിട്ടില്ലെന്ന സന്ദേശമാണ് പ്രളയം നല്‍കുന്നതെന്ന് എം.ആര്‍. സുരേന്ദ്രന്‍ പറഞ്ഞു. മാനവികതയുടെ വലിയ അടയാളമാണ് ലോകത്തിനു മുന്നില്‍ മലയാളി സമൂഹം പ്രകടിപ്പിച്ചത്. ആ മാനവികത രൂപപ്പെടുത്തുന്നതില്‍ പുസ്തകങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഗ്രന്ഥപുരകള്‍ ഉയര്‍ത്തിയ മാനവ സംസ്‌കാരം വളരെ പ്രധാനമാണ്. ഗ്രന്ഥശാലകളില്‍ നിന്ന് നഷ്ടപ്പെട്ട പുസ്തകങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഒക്ടോബര്‍ 2 മുതല്‍ 30 വരെയാണ് പുസ്തക ശേഖരണ ക്യാംപെയ്ന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവകേരളത്തിനായുളള ആശയം ഒരുക്കുന്നതിന് ഗാന്ധിജയന്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ സഹായകരമാകട്ടെയെന്ന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ സന്ദേശവും ചടങ്ങില്‍ അവതരിപ്പിച്ചു.
എടത്തല ഗ്രാമപഞ്ചായത്തംഗം എം.പി. അബു, വിദ്യാവിനോദിനി ലൈബ്രറി പ്രസിഡന്റ് എ.സി. ജോസ്, സെക്രട്ടറി എസ്.എ.എം. കമാല്‍, ജോയിന്റ് സെക്രട്ടറി കെ.എ. ഷാജിമോന്‍, കീഴ്മാട് ഗ്രാമപഞ്ചായത്തംഗം ലിസി സെബാസ്റ്റ്യന്‍, ആലുവ യുസി കോളേജ് മുന്‍ പ്രൊഫസര്‍ ഡോ. സി.ജെ. വര്‍ഗീസ്, ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി അംഗം കെ.എസ്. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: ആലുവ അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയില്‍ നടന്ന ഗാന്ധി അനുസ്മരണ സമ്മേളനം കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്യുന്നു.
ആലുവ അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയില്‍ നടന്ന ഗാന്ധി അനുസ്മരണ സമ്മേളനത്തില്‍ പ്രളയാനന്തര കേരളത്തിന്റെ പുനര്‍ജീവനം സെമിനാറില്‍ ഡോ. ഗീതിക വിഷയം അവതരിപ്പിക്കുന്നു