കൊച്ചി: പ്രളയാനന്തര ചേന്ദമംഗലത്തിന്റെ വീണ്ടെടുപ്പിനായി ആരംഭിച്ച ‘ശ്രമം’ മാറ്റച്ചന്തയ്ക്ക് സമാപനമായി. പരിപാടികൾ നോവലിസ്റ്റ് സേതു ഉദ്ഘാടനം ചെയ്തു. ശ്രമം എന്നത് ഒരു തിരിച്ചുപിടിക്കലാണ്. കളക്ടീവ് ഫേസ് വൺ സംഘടനയുടെ സഹകരണത്തിൽ കൈത്തറി വ്യവസായം രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ചേക്കുട്ടി പാവകളുടെ നിർമ്മാണം കണ്ടെത്തിയതിലൂടെ പുതിയ മേഖലകൾ തുറക്കുകയാണ്. പൂർണിമ ഇന്ദ്രജിത്ത്, ശാലിനി ജെയിംസ്, ലക്ഷ്മി മേനോൻ, ഗോപിനാഥ് പാറയിൽ എന്നിവരുടെ സംഭാവനകൾ വലുതാണ്. നാട്ടുകാർ, വിദേശ മലയാളികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്തോടെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യണം. വലുപ്പ ചെറുപ്പമില്ലാതെ ഈ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാവണമെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത്, എഴുത്തുകാരൻ അൻവർ അലി, ഗായകൻ ഷഹബാസ് അമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
തയ്യലിലൂടെ ഉപജീവനം നടത്തിയിരുന്ന 250 തയ്യൽ തൊഴിലാളികൾക്ക് കെ.സി പാപ്പു ആന്റ് സൺസും മൂന്ന് വിദേശ മലയാളികളും ചേർന്ന് സ്പോൺസർ ചെയ്യുന്ന തയ്യൽ മെഷീനുകളുടെ വിതരണ ഉദ്ഘാടനം താരദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയും നിർവ്വഹിച്ചു. പ്രളയത്തിൽ തയ്യൽ മെഷീൻ നഷ്ടമായ ഷേർളി ടോമിക്കാണ് മെഷീൻ നൽകിയത്. തെരഞ്ഞെടുത്ത 12 പേർക്ക് ടോക്കണുകൾ നൽകി. ഈ ടോക്കണുകളുമായി ഇവർക്ക് മെഷീനുകൾ മാറ്റച്ചന്തയിൽ തന്നെയുള്ള കെ.സി പാപ്പു ആന്റ് സൺസിന്റെ സ്റ്റാളിൽ നിന്നും വാങ്ങാവുന്നതാണ്. ബാക്കിയുള്ള തൊഴിലാളികൾക്ക് വരും ദിവസങ്ങളിൽ മെഷീനുകൾ ലഭ്യമാക്കും.
സാധാരണ ജനങ്ങളുടെ കയ്യിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് മോശമായ 45 തറികൾ കളക്ടീവ് ഫേസ് വൺ കൂട്ടായ്മ പ്രവർത്തന സജ്ജമാക്കി. ഒരു മാസമായുള്ള കഠിന ശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം സാധ്യമായത്. 274 തറികളാണ് പ്രളയത്തിൽ നശിഞ്ഞു പോയത്. കൈത്തറിയുടെ വീണ്ടെടുപ്പിനായുള്ള പ്രവത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പൂർണിമ ഇന്ദ്രജിത്തിനെ നിറഞ്ഞ കയ്യടിയോടെയാണ് ജനങ്ങൾ വരവേറ്റത്. ഒരു മാസത്തിനുള്ളിൽ അതിജീവിക്കാൻ സാധിച്ചത് വലിയ കാര്യമാണെന്ന് പൂർണിമ പറഞ്ഞു. പ്രളയത്തിന് ശേഷം വീട് വൃത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ നെയ്ത്ത് ആരംഭിച്ച കൈത്തറി തൊഴിലാളി ഐഷ വീണ്ടെടുപ്പിനുള്ള പ്രചോദനമായിരുന്നു. നവംബർ ഒന്നിനുള്ളിൽ നൂറ് തറികൾ പ്രവർത്തന സജ്ജമാക്കാനാണ് സേവ് ദ ലൂമിന്റെ ഉദ്ദേശം. സാരിയിൽ ഒരു ചേക്കുട്ടിയെ ധരിച്ചാണ് പൂർണിമ എത്തിയത്.
ഗായകൻ ഷഹബാസ് അമന്റെ ഗസലും ശ്രമത്തിന്റെ വേദിയിൽ അരങ്ങേറി. മാറ്റച്ചന്തയുടെ ഭാഗമായി നടത്തിയ ചിത്രകലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി അനൂപ് സർട്ടിഫിക്കറ്റുകൾ നൽകി.