കാക്കനാട്: ആര്‍ദ്രം പദ്ധതിയുടെ മൂന്നാം ഘട്ടത്തിലുള്‍പ്പെടുത്തി കുമ്പളങ്ങി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. കളക്ടറേറ്റില്‍ ഇന്നലെ (ഒക്‌ടോബര്‍ 3) ചേര്‍ന്ന രാജു എബ്രഹാം എം.എല്‍.എ. അധ്യക്ഷനായ പരാതികള്‍ പരിഹരിക്കുന്ന നിയമസഭാ സമിതി സിറ്റിങിലാണ് ഇക്കാര്യം അറിയിച്ചത്.
കുമ്പളങ്ങി സൗത്തിലെ പുറമ്പോക്കു ഭൂമിയിലുണ്ടായിരുന്ന പൊതുവഴിയ്ക്കു കുറുകെ സ്വകാര്യ വ്യക്തി നിര്‍മ്മിച്ച മതില്‍ 24 മണിക്കൂറിനകം പൊളിച്ചുനീക്കാന്‍ നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു.  കുമ്പളങ്ങി പഞ്ചായത്ത് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്കി. കുമ്പളങ്ങി സൗത്തിലെ ശാസ്താംപറമ്പില്‍ സുബ്രഹ്മണ്യന്റെ പരാതിയിലാണ് നടപടി.  സമീപത്തുള്ള നാലു സെന്റ് പുറമ്പോക്കുഭൂമിയിലൂടെ പൊതുവഴിയുണ്ടായിരുന്നു.  എന്നാല്‍ സ്വകാര്യവ്യക്തി ഇതിനുകുറുകെ മതില്‍ കെട്ടിയതോടെ സുബ്രഹ്മണ്യന്റെ കുടുംബത്തിന് സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാവുകയായിരുന്നു.  ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാനും നിര്‍ദ്ദേശിച്ചു.
കേരള വിശ്വബ്രാഹ്മണ സമൂഹത്തിന്റെ വാര്‍ഷിക വരവു ചെലവുകള്‍ പരിശോധിയ്ക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാനും ശുപാര്‍ശ ചെയ്തു.  പെരുമ്പാവൂര്‍ സബ് ആര്‍.ടി. ഓഫീസിലെ നടപടികള്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ടു ലഭിച്ച പരാതി ഗവണ്‍മെന്റ് സെക്രട്ടറിയുമായി ആലോചിച്ച് പരിഹരിക്കുമെന്ന് സമിതി അറിയിച്ചു.  കാഞ്ഞിരമറ്റം റെയില്‍വേ സ്റ്റേഷനു സമീപം പിറവം പൂത്തോട്ട പി.ഡബ്ല്യു.ഡി. റോഡിനോടു ചേര്‍ന്നുള്ള വിടാങ്ങരപ്പാടത്തേയ്ക്കും ചൊവ്വരപ്പാടത്തേയ്ക്കും ട്രാക്ടര്‍ ഇറക്കാന്‍ റാമ്പ് നിര്‍മിയ്ക്കാനും സിറ്റിങ്ങില്‍ തീരുമാനമായി.
പതിനാലു വര്‍ഷംമുമ്പ് നടന്ന ജ്വല്ലറി മോഷണക്കേസിലെ  14 പ്രതികളില്‍ അവശേഷിക്കുന്ന രണ്ടു പ്രതികളെ ഉടനെ പിടികൂടണമെന്ന് സമിതി പോലീസിനോട് നിര്‍ദ്ദേശിച്ചു.  നഷ്ടപ്പെട്ട 336 പവനില്‍ 235 പവന്‍ വീണ്ടെടുത്ത് ഉടമയ്ക്ക് കൈമാറിയിരുന്നു.  ശേഷിക്കുന്ന സ്വര്‍ണ്ണം പരമാവധി വേഗം ഉടമയ്ക്ക് വീണ്ടെടുത്ത് നല്‍കണമെന്നും ശുപാര്‍ശ ചെയ്തു.  ചേരാനെല്ലൂര്‍ വില്ലേജിലെ പല സ്ഥലങ്ങളിലും കൃഷിനിലം നികത്തി കെട്ടിടം പണിയുന്നതു സംബന്ധിച്ച് കെ.വി.ഗോപി സമര്‍പ്പിച്ച പരാതി പ്രകാരം അടുത്തയാഴ്ച സ്ഥലം പരിശോധിക്കുമെന്ന് സമിതി അറിയിച്ചു.  10 കേസുകളാണ് കളക്ടറേറ്റില്‍ നടന്ന സിറ്റിങ്ങില്‍ പരിഗണിച്ചത്.  കൊച്ചി റിഫൈനറിയുടെ സമീപത്തെ അപകടാവസ്ഥയിലുള്ള പ്രദേശങ്ങള്‍ റിഫൈനറി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു ലഭിച്ച പരാതികളി•േല്‍ അന്വേഷണം നടത്തുന്നതിന് സമിതി അമ്പലമേട് പ്രദേശത്ത് സന്ദര്‍ശനം നടത്തി.  എഫ്.എ.സി.റ്റി. ഓഫീസേഴ്‌സ് ക്ലബ്ബില്‍ ഇതു സംബന്ധിച്ച പരാതികള്‍ കേട്ടു.  കുഴിക്കാട് ആശ്രമം കോളനി, അടൂര്‍ക്കര, സ്റ്റെര്‍ലിങ് ഗ്യാസ്, അയ്യന്‍കുഴി, ഏത്തിക്കര, വെണ്‍മണി, നീര്‍മ, ആറാട്ടുമല, ചാലിക്കര, പുളിയമ്പിള്ളി എന്നീ സ്ഥലങ്ങളും സമിതി സന്ദര്‍ശിച്ചു.  എം.എല്‍.എമാരായ ആര്‍.രാമചന്ദ്രന്‍, വി.പി.സജീന്ദ്രന്‍, സി.കെ.ശശീന്ദ്രന്‍, എം.സ്വരാജ്, പി.ഉബൈദുള്ള എന്നിവരടങ്ങിയ സമിതിയാണ് പരാതികള്‍ പരിഗണിച്ചത്.  കളക്ടറേറ്റില്‍ നടന്ന സിറ്റിങ്ങില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, എ.ഡി.എം. എം.കെ. കബീര്‍, ഹുസൂര്‍ ശിരസ്തദാര്‍ ഗീത കാണിശ്ശേരി, ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ. എസ്.ഷാജഹാന്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ പി.ഡി.ഷീലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.