തൃപ്പൂണിത്തുറ: കൊച്ചിന്‍ റിഫൈനറി സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്ന് കൊച്ചിന്‍ റിഫൈനറി സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ എത്തിയ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. സമിതിക്കുമുമ്പാകെ പ്രദേശവാസികളും കമ്പനികളും ബോധിപ്പിച്ച വസ്തുതകള്‍ നിയമപരവും ശാസ്ത്രീയവുമായി കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമിതിയുടെ അധികാരമുപയോഗിച്ച് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സേവനം ജനങ്ങളുടെ പരാതി പരിഹാരത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. അന്തരീക്ഷമലിനീകരണവും അപകടസാധ്യതയും സംബന്ധിച്ചുള്ള പരാതികള്‍ സമിതി ഗൗരവമായി പരിഗണിക്കും.   സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സമിതിക്കു മുന്നില്‍ ബോധിപ്പിച്ച  വിവിധ വിഷയങ്ങള്‍ സമിതി ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശവാസികളുടെ പരാതികള്‍ കേള്‍ക്കുന്നതിനായി ഫാക്ട് റിക്രിയേഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സമിതിക്കു മുമ്പാകെ  വടവുകോട്പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വേലായുധനാണ് ആദ്യം പരാതി ബോധിപ്പിച്ചത് . കഴിഞ്ഞ 25 കൊല്ലമായി റിഫൈനറി നടത്തുന്ന അശാസ്ത്രീയമായ സ്ഥലമേറ്റെടുപ്പ് നടപടികള്‍  പ്രദേശവാസികളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.  ഗ്രീന്‍ ബെല്‍റ്റോ ബഫര്‍ സോണോ ഇല്ലാതെയാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം ആരോപിച്ചു. കമ്പനിയുടെ പ്രവര്‍ത്തനം മൂലം ദുരിതമനുഭവിക്കുന്ന 667 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിച്ച നാട്ടുകാരെ സംരക്ഷിക്കുവാന്‍ കമ്പനി തയ്യാറാകണം. പഞ്ചായത്തിലെ 10, 14, 15, 16  വാര്‍ഡുകളില്‍ ക്യാന്‍സര്‍ രോഗികളുടെയും ശ്വാസകോശ രോഗികളുടെ എണ്ണം കൂടി വരുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. റിഫൈനറി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ നടത്തുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന വിധമാണെന്ന്  പഞ്ചായത്ത് അംഗവും സംയുക്തസമരസമിതി കണ്‍വീനറുമായ അശോക് കുമാര്‍ പറഞ്ഞു. റിഫൈനറി പ്ലാന്റുകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പുതിയ പ്രൊജക്ടുകള്‍ക്ക്
25,000 കോടി രൂപ നീക്കിവെച്ച  റിഫൈനറി ഒരു റോഡ് പോലും നന്നാക്കുവാനുള്ള സന്‍മനസ് കാണിക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.  ടാറിന്റെ   രൂക്ഷമായ  ഗന്ധം   പ്രദേശവാസികളുടെ സൈ്വര്യജീവിതത്തിന് തടസ്സമാകുന്നതായി പഞ്ചായത്തംഗം എം. കെ രവി പറഞ്ഞു. കമ്പനിയുമായി വിവിധ കാലങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് പരിശോധിക്കാനും നിയമസഭാസമിതി തയ്യാറാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
റിഫൈനറി വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പെറ്റ് കോക്ക് സ്‌റ്റോറേജുകള്‍ സംബന്ധിച്ചും ജനങ്ങള്‍ ആക്ഷേപമുന്നയിച്ചു. ഇവ ചിത്രപ്പുഴ മലിനമാക്കുന്നുവെന്ന് ആളുകള്‍ പരാതിപ്പെട്ടു. റിഫൈനറിയില്‍ എത്തുന്ന വലിയ വാഹനങ്ങള്‍ക്ക് റിഫൈനറിതന്നെ പാര്‍ക്കിങ് സംവിധാനം ഒരുക്കി സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡ് അടക്കമുള്ള ഇടങ്ങളില്‍ അനധികൃത പാര്‍ക്കിങ് ഒഴിവാക്കണം.  റിഫൈനറി സി എസ് ആര്‍ ഫണ്ട്  ഉപയോഗിക്കുമ്പോള്‍ പ്രദേശവാസികള്‍ക്ക് ഗുണം ലഭിക്കുന്നില്ല എന്ന ആക്ഷേപവും സമിതിക്ക് മുമ്പാകെ ഉന്നയിക്കപ്പെട്ടു.
യോഗത്തില്‍ എം.എല്‍.എമാരായ വി.പി. സജീന്ദ്രന്‍, എം. സ്വരാജ്, സി. കെ ശശീന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.മധു, കുന്നത്തുനാട് തഹസില്‍ദാര്‍ സാബു കെ. ഐസക്ക്, നിയമസഭാസമിതി സെക്ഷന്‍ ഓഫീസര്‍ ബി. അനില്‍കുമാര്‍, ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ എസ് .ഷാജഹാന്‍, മൂവാറ്റുപുഴ ആര്‍ഡിഒ എം. പി അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ഗീത സുകുമാരന്‍, അമ്പിളി ഷിബു, വിവിധ റെസിസ ന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.