ഭട്ട് റോഡ് ബീച്ചിൽ ഒത്തുകൂടിയ സംഗീതാസ്വാദകരുടെ മനം കവർന്ന് പ്രയാൺ ബാന്റ്. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായി ജില്ലയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി പൊന്നോണം 2023 ന്റെ ഭാഗമായി ഭട്ട് റോഡ് ബീച്ചിലെ വേദിയിലായിരുന്നു പ്രയാൺ ബാന്റിന്റെ ഗാനനിശ അരങ്ങേറിയത്.
കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളെ എന്ന് തുടങ്ങുന്ന ഗാനം നിറഞ്ഞ സദസ്സിനെ കൊണ്ട് പാടിപ്പിച്ചാണ് പ്രയാൺ ബാന്റിന്റെ സംഗീത മാന്ത്രികജാലം വേദിയെ സജീവമാക്കിയത്. കോഴിക്കോടൻ യുവതയുടെ സിരകളിൽ സംഗീതത്തിന്റെ തീ പടർത്തി പ്രയാൺ ബാന്റ് പാടിതുടങ്ങിയപ്പോൾ ആസ്വാദക ഹൃദയങ്ങളിലേക്ക് ആവേശ തിരകൾ ഇരച്ചു കയറി.
ഹിറ്റ് മലയാളം മെലഡി ഗാനങ്ങളും തട്ടുപൊളിപ്പൻ ഗാനങ്ങളും അരങ്ങിൽ വന്നതോടെ കാണികളുടെ ആവേശം കൂടി. സദസ്സിനെ ഒന്നടങ്കം കയ്യിലെടുക്കുന്ന തരത്തിൽ ആരെയും നിരാശരാക്കാതെ പാടിയ ഓരോ പാട്ടുകളും പ്രേക്ഷകർ നെഞ്ചിലേറ്റി.
അമൃത ടി വി സ്റ്റാർ സിംഗർ റണ്ണറപ്പായ അജയ് സത്യന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ അടങ്ങുന്നതാണ് പ്രയാൺ ബാന്റ്. അജിത് സത്യൻ, ലെ ചാൾസ് ബ്ലൂ, ജിഡൽ, അരവിന്ദ്, ഷൈൻ ജോസ് എന്നിവരാണ് സംഗീത വിസ്മയം തീർത്ത സംഘത്തിലെ മറ്റു അംഗങ്ങൾ.
ഓണാഘോഷ പരിപാടികളുടെ അവസാന ദിനമായ നാളെ (സെപ്റ്റംബർ മൂന്നിന്) ഭട്ട് റോഡ് ബീച്ചിലെ വേദിയിൽ സമീർ ബിൻസിയുടെ ഖവാലി, ദേവരാജന്റെ ആനന്ദരാവ് തുടങ്ങിയ പരിപാടികളും അരങ്ങേറും.