കുറ്റിച്ചിറയെ സംഗീതസാന്ദ്രമാക്കി സരിതാ റഹ്മാന്റെ ഗസൽസന്ധ്യ. ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗസൽ ആസ്വദിക്കാൻ നിരവധി പേരാണ് കുറ്റിച്ചിറയിലേക്ക് ഒഴുകിയെത്തിയത്. സരിത റഹ്മാനൊപ്പം കബീർ മാളിയേക്കൽ ചാവക്കാടും ചേർന്നതോടെ പ്രണയാനുഭവങ്ങളുടെ ഗസൽ സംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി.
കൺമണി നീയെൻ കരം പിടിച്ചാൽ, നീല വെളിച്ചം, കൺമണിയെ, പാടുക സൈഗാൾ, തെരി ആംഗോ കി, എഹ്സാന് തെരാ ഹോഗാ ജോ വാദാ കിയ …തുടങ്ങിയ ഗാനങ്ങൾ കുറ്റിച്ചിറയിലെ ആസ്വാദകരുടെ മനസിൽ സംഗീതം പെയ്തിറക്കി. മലയാളം, ഹിന്ദി ഭാഷകളിലുളള പഴയ ഗാനങ്ങളും ഗസലുകളും കാണികൾ നെഞ്ചോട് ചേർത്തു. ലതാ മങ്കേഷ്ക്കർ, ആശാ ഭോസ്ലെ, മുഹമ്മദ് റഫി, ജഗ്ജിത് സിംഗ്, ചിത്ര സിംഗ്, ഉമ്പായി തുടങ്ങിയവരുടെ ഗാനങ്ങൾ കോർത്തിണക്കിയതായിരുന്നു ഗസൽ.
ഹാർമോണിയത്തിൽ ടി.സി കോയയും ഗിറ്റാറിൽ നിധിൻ കാലിക്കറ്റും റിതം പാഡിൽ ഗണേശ് കല്ലായിയും തബലയിൽ ഫിറോസ് ഖാനും കീ ബോർഡിൽ പപ്പേട്ടനും താള വിസ്മയം തീർത്തു.