കടല്‍ വൃത്തിയാക്കാന്‍ ഇങ്ങനെയൊരു സംഘടിത ശ്രമം ലോകത്തെവിടെയും ഉണ്ടായിട്ടില്ല; ശുചിത്വസാഗരം പദ്ധതി രാജ്യാന്തര അംഗീകാരം നേടുമെന്നുറപ്പാണ് – മന്ത്രി ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. നീണ്ടകരയില്‍ ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യുണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കടലിന്റെ അടിത്തട്ടില്‍ വ്യാപിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനുള്ള പദ്ധതി പോലെ ജലാശയങ്ങള്‍ മാലിന്യ മുക്തമാക്കാനും പദ്ധതി വേണം. അതിനായി അടുത്ത ബഡ്ജറ്റില്‍ തുക വകയിരുത്തും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം എന്ന് ജനങ്ങള്‍ തന്നെ തീരുമാനിക്കണം; വലിച്ചെറിയുന്ന രീതി ഉപേക്ഷിക്കണം. പുതിയ സംവിധാനത്തിലൂടെ പ്ലാസ്റ്റിക് ചെറു തരികളാക്കി റോഡ് ടാറിംഗിന് ഉപയോഗിക്കാമെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
തീരദേശവാസികളുടെയടക്കം ആരോഗ്യ സംരക്ഷണത്തിനായാണ് ശുചിത്വസാഗരം പദ്ധതിയെന്നും അതിന്റെ ഭാഗമായി സ്ഥാപിക്കുന്ന ഷ്രെഡിംഗ് മെഷീന്‍ സുരക്ഷിതമാണെന്നും അധ്യക്ഷയായ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നിലവിലെ സംവിധാനത്തിനൊപ്പം പ്ലാസ്റ്റിക് കഴുകുന്നതിനു മെഷീനും ഉണക്കുന്നതിന് ഡ്രൈയറും സ്ഥാപിക്കാന്‍ ആലോചനയുണ്ട്. തീരദേശത്ത് വൃത്തിയും തൊഴിലവസരവും ആരോഗ്യവും ഉറപ്പാക്കാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ മാരായ എന്‍. വിജയന്‍പിള്ള, എം. മുകേഷ്, എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസഡന്റ് തങ്കമണി പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മായ, ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ പീറ്റര്‍ മത്യാസ്, ചാര്‍ളി ജോസഫ്, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, മത്സ്യമേഖലയിലെ സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.