ശബരിമല: അയ്യപ്പ ദർശനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ കൂടുതൽ ശക്തമാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുമേധാവികളുടെ അവലോകനയോഗം തീരുമാനിച്ചു. മണ്ഡലക്കാലത്തെ ആദ്യ അഞ്ചുദിനങ്ങളിൽ വരുമാനത്തിൽ അഞ്ചുകോടി രൂപയുടെ വർധന രേഖപ്പെടുത്തിയത് മുൻവർഷത്തേക്കാൾ കൂടുതൽ തീർത്ഥാടകർ എത്തിയതിനാലാണെന്നും ഇതേവരെയുള്ള സൗകര്യങ്ങളിൽ പൂർണതൃപ്തിയാണുള്ളതെന്നും പ്രസിഡന്റ് പറഞ്ഞു.

ഭക്ഷണ സാധനങ്ങൾ തുറന്നുവെച്ച് വിൽപ്പന നടത്തുന്നത് തടയണമെന്നും ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അപ്പം അരവണ എന്നിവയ്ക്ക് ഈ സീസണിൽ ക്ഷാമം ഉണ്ടാകില്ല. 30 ലക്ഷം ടിൻ അരവണയും ആറുലക്ഷം കവർ അപ്പവും സ്റ്റോക്ക് ഉണ്ടെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

യോഗത്തിൽ എക്സിക്യുട്ടീവ് ഓഫീസർ വി.എൻ ചന്ദ്രശേഖരൻ, ഫെസ്റ്റിവൽ കൺട്രോളർ കെ.എസ് വിനോദ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വകുപ്പുതല പ്രവർത്തനങ്ങളുടെ അടുത്ത അവലോകനയോഗം ബുധനാഴ്ച രാത്രി 8 മണിക്ക് ദേവസ്വം ഗസ്റ്റ്ഹൗസിൽ നടക്കും.