ഫറോക്ക് മുൻസിപ്പാലിറ്റി ഡിവിഷൻ 26 ലെ ചെറാംമ്പാടം, പാലക്കൊടി എസ് സി കോളനിയിൽ സംസ്ഥാന സർക്കാരിന്റെ ഗ്രാമ വികസന പദ്ധതിയായ അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രഖ്യാപനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പദ്ധതി ആലോചനായോഗത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

2023 -24 സംസ്ഥാന ബഡ്ജറ്റിൽ 2979 കോടി 40 ലക്ഷം രൂപയാണ് പട്ടികജാതി വിഭാഗത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ വകയിരുത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വിഹിതം കൂടിച്ചേരുമ്പോൾ 3063 കോടി 60 ലക്ഷം രൂപയുടെ വികസന പ്രവർത്തനമാണ് ഈ സാമ്പത്തിക വർഷം മാത്രം സർക്കാർ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പല കാരണങ്ങളാൽ വികസന പ്രവർത്തനങ്ങളിൽ പിന്നോക്കം പോയ പ്രദേശങ്ങൾക്ക് പ്രത്യേകമായ ശ്രദ്ധ നൽകുന്നുണ്ടെന്നും അത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമ്പൂർണ്ണ അംബേദ്കർ ഗ്രാമ വികസന പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ 90% എസ് സി കോളനികളിലും മെച്ചപ്പെട്ട രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.

വാർഡ്‌ മെമ്പർ പ്രതീശൻ അധ്യക്ഷത വഹിച്ചു. കോളനിയില്‍ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളുടെ വിശദീകരണം, കോളനി നിവാസികളുടെ ആവശ്യങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നവീകരണത്തിന്റെ ഭാഗമായി കോളനിയിലേക്കുള്ള റോഡ്, കുടിവെള്ള പദ്ധതി, തെരുവ് വിളക്ക്, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, സംരക്ഷണഭിത്തി, ശുചിമുറി, ഡ്രെയിനേജ്, തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നത്.

പദ്ധതിയുടെ ഭാഗമായി കോളനിയിൽ നടപ്പിലാക്കുന്ന വികസന പദ്ധതികളെ കുറിച്ചുള്ള ആലോചനയോഗം ചേർന്നു. കോളനിയിലെ നാലംഗങ്ങളെയും നിർവ്വഹണ ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. അടിയന്തര പ്രാധാന്യമുള്ള പദ്ധതികൾക്ക് മുൻഗണന നൽകിയായിരിക്കും നിർമ്മാണ പ്രവൃത്തികൾ നടത്തുക. പദ്ധതി പ്രവൃത്തികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് വികസന പ്രവൃത്തികളുടെ നിർമ്മാണ ചുമതല.

ജില്ലാ പട്ടികജാതി വികസന ഓഫീസർ ഷാജി കെ.പി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസർ സുഷമ, ജില്ലാ നിർമിതി കേന്ദ്രം എ ഇ സീന, മുൻ മെമ്പർമാരായ ഇ ബാബുദാസ്, എൻ സുധർമ്മ എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ വൈശാഖ് സ്വാഗതവും വാർഡ് വികസന സമിതി അംഗം സി.പി ശാരദ നന്ദിയും പറഞ്ഞു.