ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ പരിക്ക് പറ്റിയ വളര്‍ത്ത് മൃഗങ്ങളുടെ തുടര്‍ചികിത്സ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ലഭ്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. തലപ്പുഴ കണ്ണോത്ത്മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാരിലേക്ക് കത്ത് നല്‍കാനും ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച വിവിധ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും യോഗം അഭിനന്ദിച്ചു. അമ്പലവയല്‍ റസ്റ്റ് ഹൗസ് പരിസരത്ത് വര്‍ദ്ധിച്ച് വരുന്ന റോഡ് അപകടങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണം. എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒയും പോലീസും സംയുക്തമായി പരിശോധന നടത്തണം. ജില്ലയില്‍ ഇതുവരെയും സ്‌കൂളില്‍ ഹാജരാകാത്ത ഗോത്ര വിദ്യാര്‍ത്ഥികളുടെ പുരോഗതിയും യോഗം വിലയിരുത്തി.

1010 ഗോത്ര വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ ഹാജരാകാത്തത്. ഗോത്ര വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് എത്തിക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. സ്‌കൂളില്‍ ഹാജരാകാത്ത ഗോത്ര വിദ്യാര്‍ത്ഥികളുടെ കണക്ക് പഞ്ചായത്തുകള്‍ക്ക് നല്‍കി അവരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെ ചുമതലപ്പെടുത്താനും യോഗം നിര്‍ദ്ദേശിച്ചു.

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തിയും യോഗം വിലയിരുത്തി.
യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.