ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ഉന്നതതല യോഗം ചേർന്നു. ആന്റണി ജോൺ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

താലൂക്ക് തഹസിൽദാർ കൺവീനറായുള്ള കൺട്രോൾ റൂം സേവനം സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ പള്ളിയങ്കണത്തിൽ ക്രമീകരിക്കാൻ തീരുമാനിച്ചു. ഗ്രീൻ പ്രോട്ടോകോൾ പ്രകാരം പള്ളിയും പരിസരവും പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കുമെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി അറിയിച്ചു. ഇതിനായി ശുചിത്വമിഷനേയും ഹരിത കർമ്മ സേനയെയും സ്കൂൾ- കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികളെയും ഏകോപിപ്പിച്ചുകൊണ്ട് കമ്മറ്റി രൂപീകരിക്കും.

മറ്റ് ജില്ലകളിൽ നിന്നും വരുന്ന വാഹനങ്ങൾ ടൗണിൽ പാർക്ക് ചെയ്യുന്നതിന് പെർമിറ്റ് എടുക്കണം എന്ന് ആർ.ടി.ഒ നിർദേശിച്ചു. ലഹരി വിമുക്തമായി പെരുന്നാൾ ആഘോഷിക്കുന്നതിനായി കുന്നത്തുനാട് മുതൽ മൂവാറ്റുപുഴ വരെ എക്സൈസ് കോമ്പിംഗ് നടത്തും. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി അനതൃകത കച്ചവടങ്ങൾ അനുവദിക്കില്ലന്നും ഭിക്ഷാടനം നിരോധിക്കും.

മാർത്തോമ ചെറിയ പള്ളിയിൽ ചേർന്ന യോഗത്തിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി.ഐ ബേബി, ബിനോയ് മണ്ണഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, താലൂക്ക് തഹസിൽദാർ റേച്ചൽ .കെ. വർഗീസ്, കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം മജീദ്, ജനമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജ്, കോതമംഗലം നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,
ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ദാനി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ നൗഷാദ്, മറ്റ് ജനപ്രതിനിധികൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.