കുന്നംകുളം, മണലൂർ നിയോജകമണ്ഡലങ്ങളിലെ കിഫ്ബി പദ്ധതിയായ കേച്ചേരി – അക്കിക്കാവ് ബൈപ്പാസ് റോഡിന്റെ കുരുക്കഴിഞ്ഞു. റോഡ് നവീകരണത്തിനായി 32.66 കോടി തുകയിൽ നിന്ന് 48.59 കോടി രൂപയുടെ അധിക അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ബോർഡ് മീറ്റിങ്ങിലാണ് പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചത്. എസി മൊയ്തീൻ എംഎൽഎ യുടെ ശ്രമഫലമായാണ് അധിക തുക ലഭ്യമായത്.
ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടങ്ങോട്, പോര്‍ക്കുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണ് കേച്ചേരി – അക്കിക്കാവ് ബൈപാസ്. റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ചൂണ്ടല്‍ റോഡിലേയും കുന്നംകുളത്തെയും ഗതാഗതക്കുരുക്കിന് പരിഹാരമാകും.
കേച്ചേരി – അക്കിക്കാവ് ബൈപാസ് കിഫ്ബിയിലുള്‍പ്പെടുത്തി നവീകരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീരുമാനമെടുത്തിരുന്നു. 9.88 കി.മീ ദൂരം 12 മീറ്റര്‍ വീതിയില്‍ 32.67 കോടി രൂപ ചെലവഴിച്ച് ആധുനികവല്‍ക്കരിക്കുന്ന ഈ പദ്ധതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി നിര്‍മ്മാണപ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചിരുന്നു.
2021 മെയ് മാസത്തില്‍ കരാർ ഏറ്റെടുത്ത ഇൻഫ്രാസ്ട്രക്ചേഴ്സ്, കോയമ്പത്തൂർ കമ്പനി, പ്രവൃത്തിയുടെ പ്രാധാന്യം കണക്കിലെടുക്കാതെ കലുങ്കുകളുടെ പ്രവൃത്തി പകുതി പണിയുകയും, സംരക്ഷണ ഭിത്തി പൊളിച്ചു മാറ്റി പ്രവൃത്തി തുടങ്ങാതെ യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥലത്തുനിന്നും പിന്മാറുകയാണുണ്ടായത്. തുടര്‍ന്ന് റിസ്ക് ആന്റ് കോസ്റ്റ് പ്രകാരം കരാര്‍ റദ്ദാക്കുകയും ബാക്കി പ്രവൃത്തികള്‍ക്ക് പുതിയ ടെണ്ടര്‍ ക്ഷണിക്കുകയുമായിരുന്നു.
യൂട്ടിലിറ്റി മാറ്റുന്നത്തിനുള്ള പ്രവൃത്തികളുടെ തുക അധികരിച്ചതിനാലും, ചരക്ക് സേവന നികുതിയിലും, ഷെഡ്യൂള്‍ നിരക്കുകളിലും മാറ്റം വന്നതിനാൽ, 32.66 കോടി തുകയിൽ നിന്ന് 48.59 കോടിയായി അടങ്കലുയര്ന്ന പദ്ധതിയുടെ തുടര്‍നടപടികള്‍ക്ക് കിഫ്ബി ബോർഡിന്റെ അധിക ഭരണാനുമതി ആവശ്യമായിരുന്നു.
നിലവിൽ കേരള വാട്ടർ അതോറിറ്റിയുടെ 80 ശതമാനം, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻറെ 75 ശതമാനം, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തികൾ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തികൾ കിഫ്ബി സ്പെഷ്യൽ തഹസിൽദാർ വഴി പുരോഗമിച്ച് വരികയാണ്. പുതിയ ടെണ്ടര്‍ ഏറ്റെടുത്ത ബാബ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് എഗ്രിമെന്റെ നടപടി പൂർത്തീകരിച്ച് പദ്ധതിയുടെ പ്രവർത്തികൾ ഉടൻ ആരംഭിക്കും.