തൊടുപുഴ നഗരസഭ പരിധിയിലുള്ള വ്യാപാരസ്ഥാപനങ്ങളില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നതിനുമായിരുന്നു പരിശോധന. നഗരപരിധിയിലുള്ള 20 വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും 30 കിലോ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍, 60 പാക്കറ്റുകളിലായി പേപ്പര്‍ കപ്പുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, റൗണ്ട് ബൗളുകള്‍, ഐസ്‌ക്രീം ബൗളുകള്‍ എന്നിവ പിടിച്ചെടുത്തു. കൂടാതെ വെങ്ങല്ലൂര്‍ സിഗ്നലിന് പടിഞ്ഞാറുവശത്ത് ലൈസന്‍സ് ഇല്ലാതെ, വൃത്തിഹീനമായ സാഹചര്യത്തില്‍ ഇറച്ചി വ്യാപാരം നടത്തിയ കടയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

ഹോട്ടലുകള്‍, ബേക്കറികള്‍, മത്സ്യം, മാംസം എന്നിവ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ശുചിത്വം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയില്‍ വീഴ്ച വരുത്തുന്നവക്കെതിരെ നിയമനടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, സെക്രട്ടറി ബിജുമോന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു.

സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ മാത്യു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ദീപ പി വി, എന്‍ എച്ച് പ്രജീഷ്‌കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.