കത്തിച്ച മെഴുകുതിരികളും പുഷ്പങ്ങളുമായി പ്രിയ അധ്യാപകരെ സ്വീകരിക്കുന്ന വിദ്യാര്‍ഥികള്‍, കുഞ്ഞു കരങ്ങളിലെ കലാവിരുതില്‍ വിരിഞ്ഞ 400 ഓളം ആശംസാ കാര്‍ഡുകള്‍… കുമളി ഗവ. ട്രൈബല്‍ യു പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സ്നേഹവലയത്തില്‍ ഈ അധ്യാപകദിനം അധ്യാപര്‍ക്ക് വേറിട്ട അനുഭവമായി. ഗുരുവന്ദനം എന്ന പേരില്‍ സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ശാന്തി ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വി കെ സജി അധ്യക്ഷത വഹിച്ചു.

അധ്യാപകര്‍ അവരുടെ വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തിന്റെ മനോഹരമായ ഓര്‍മ്മപ്പെടുത്തലാണ് ഓരോ അധ്യാപകദിനവും. സമ്മാനത്തിന്റെ വിലയല്ല, മറിച്ച് അതിന്റെ പിന്നിലെ വികാരമാണ് അതിനെ സ്വീകാര്യമാക്കുന്നത്. തങ്ങളുടെ ഭാവി രൂപപ്പെടുത്തുന്ന വ്യക്തികളോടുള്ള കുട്ടികളുടെ നന്ദിയുടെയും ആദരവിന്റെയും സാക്ഷ്യമായി മാറി ഗവ. ട്രൈബല്‍ യു പി സ്‌കൂളിലെ ചടങ്ങ്.

പരിപാടിയില്‍ സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സനിജ കെ.എം, പി ടി എ വൈസ് പ്രസിഡന്റ് വിനോദ് എസ്, അധ്യാപകരായ രാജേഷ് എസ്, പ്രസാദ് എം, ബിനു കുമാര്‍ എം, ശ്രീലാല്‍ പി.ജെ, പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.