കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ന്യൂനമർദ്ദ മുന്നറിയിപ്പും, അതിതീവ്ര മഴയുടെ മുന്നറിയിപ്പും പരിഗണിച്ചുകൊണ്ട് മുഖ്യ മന്ത്രിയുടെ നിർദേശം അനുസരിച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ബഹു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് (04-10-2018) രാവിലെ 10:15-ന് കൂടുകയുണ്ടായി.
പ്രസ്തുതത യോഗത്തിൽ ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി, ഫിനാൻസ് വകുപ്പിൻറെ പ്രിൻസിപ്പൽ സെക്രട്ടറി, ജലവിഭവ വകുപ്പിൻറെ സെക്രട്ടറി, വൈദ്യുതി വകുപ്പിൻറെ സെക്രട്ടറി, ചെയർമാൻ, കെ.എസ്.ഇ.ബി, ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർ, ഐ.ഡി.ആർ.ബി ചീഫ് എഞ്ചിനീയർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുത്തു.
ജലവിഭവ വകുപ്പും, കെ.എസ്.ഇ.ബി യും ഡാമുകളിലെക്ക് എത്തുന്ന ജലവും, നിലവിലെ സ്ഥിതിയും, ഡാമിലെ ദീർഘകാല ജല അളവുകളും, മഴയുടെ പ്രവചനവും പരിഗണിച്ച് ഒരു നിയന്ത്രണ ചട്ടക്കൂട് തയ്യാറാക്കി സർക്കാരിൻറെ പരിഗണനയ്ക്ക് നൽകുവാൻ നിർദേശിച്ചു.
ഡാമുകൾ നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ നിരന്തരം ജില്ലാ കളക്ടറുമാരുമായി സമ്പർക്കം പുലർത്തുകയും മുൻകൂട്ടി ജില്ലാ കളക്ടർമാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ പാടുള്ളു എന്നും നിർദേശിച്ചു.
തമിഴ് നാടിൻറെ നിയന്ത്രണത്തിൽ ഉള്ള എല്ലാ ഡാമുകളും പരമാവധി സംഭരണ ശേഷിക്കടുത്താണ്  എന്നതിനാൽ, ഇവ മുൻകൂട്ടി തുറന്ന് വിടുവാൻ ആവശ്യമായ നിർദേശം നൽകണം എന്ന് കേന്ദ്ര ജല കമ്മീഷനോട് ആവശ്യപ്പെടുവാൻ തീരുമാനിച്ചു.
കേരള ഷോളയാർ അണകെട്ടിലെ ജലനിരപ്പ് പ്രവചിക്കപ്പെട്ട മഴ കൂടി കണക്കിൽ എടുത്ത് ആവശ്യത്തിന് കുറച്ച് നിർത്തുവാൻ ഉള്ള നടപടി സ്വീകരിക്കുവാൻ കെ.എസ്.ഇ.ബി യോട് നിർദേശിച്ചു.
അണക്കെട്ടുകൾ തുറക്കുന്നത്, വേലിയേറ്റ, വേലിയിറക്ക സാഹചര്യവും കൂടി പരിഗണിച്ച് വേണം എന്ന് നിർദേശിച്ചു.
കെ.എസ്.ഇ.ബിയുടെയും, ജല വിഭവ വകുപ്പിൻറെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകൾ നൽകുവാൻ നിർദേശിച്ചു. ഇത്‌നിനായി ഇന്ന് തന്നെ നടപടി സ്വീകരിക്കുവാൻ നിർദേശിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലെ ഉപഗ്രഹ ഫോൺ, കക്കി-ആനത്തോട് ഡാം എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് താൽകാലികമായി, 10-10-2018 വരെ നൽകുവാൻ തീരുമാനിച്ചു.
സംസ്ഥാന അതോറിറ്റിയുടെ നിർദേശം അനുസരിച്ച് തീരരക്ഷാ സേനാ കപ്പലുകളും, ഡോണിയർ വിമാനങ്ങളും കേരളത്തിൻറെ തീരത്തോട് അടുത്തുള്ള അറബിക്കടൽ മേഘലയിൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മുന്നറിയിപ്പ് മൈക്കിലൂടെയും റേഡിയോ വഴിയും 1-10-2018 മുതൽ നൽകി വരുന്നുണ്ട്.
ഇന്നത്തെ പ്രവചനം അനുസരിച്ച് ഇടുക്കി ജില്ലയിൽ ഇന്നുമുതൽ ഒക്ടോബർ 6 വരെ, ഓറഞ്ചു അലേർട്ടും, 7അം തീയതി റെഡ് അലേർട്ടും, 8അം തീയതി ഓറഞ്ചു അലേർട്ടും, തൃശൂരിൽ 6-10-2018ന് ഓറഞ്ചു അലേർട്ടും, 7അം തീയതി റെഡ് അലേർട്ടും, പാലക്കാട് 6-10-2018ന് ഓറഞ്ചു അലേർട്ടും, 7അം തീയതി റെഡ് അലേർട്ടും, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്നുമുതൽ 8അം തീയതി വരെ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.