*ലീഗൽ മെട്രോളജി വകുപ്പ് കോൾ സെന്റർ മന്ത്രി ഉദ്ഘാടനം ചെയ്തു
റേഷൻ കടകളിൽ മികച്ച ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നതെന്നും ഏതെങ്കിലും റേഷൻകടയിൽ മോശം ധാന്യങ്ങൾ വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചാൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി  പി. തിലോത്തമൻ പറഞ്ഞു. ഇ- പോസ് സംവിധാനം കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കാൻ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനെയും ഇമ്മീഡിയറ്ര് ടാസ്‌ക് ഫോഴ്‌സിനെയും  നിയോഗിക്കും. സെർവറിന്റെ തകരാർ പരിഹരിക്കുന്നതിന് വാടക സെർവറിനു പകരം സ്വന്തമായ സെർവറിന്റെ സേവനം ഉപയോഗപ്പെടുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. അളവുതൂക്കത്തിൽ കൃത്രിമം കാണിക്കുന്ന വ്യാപാരികൾക്കെതിരെ പരാതി നൽകുന്നതിനും സത്വര പരിഹാരം കാണുന്നതിനുമായി ലീഗൽ മെട്രോളജി വകുപ്പ് ആരംഭിച്ച കോൾ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഐടി മിഷന്റെ കോൾസെന്ററാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിട്ടുള്ള വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങളെ പ്രത്യേക സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചാണ് കോൾസെന്ററിന്റെ പ്രവർത്തനം വിഭാവനം ചെയ്തിട്ടുള്ളത്.
കോൾ സെന്ററിൽ ലഭിക്കുന്ന പരാതികളിലെ വിവരങ്ങൾ കോൾസെന്റർ എക്‌സിക്യുട്ടിവ് സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുകയും പരാതിക്കാധാരമായ വ്യാപാര സ്ഥാപനം  സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള എൻഫോഴ്‌സ്‌മെന്റ് വാഹനത്തിലേക്ക് പരാതി സോഫ്റ്റ്‌വെയറിലൂടെ തന്നെ കൈമാറുകയും ചെയ്യും. അപ്പോൾത്തന്നെ പരാതിക്കാരന്റെയും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെയും മൊബൈലിലേക്ക് പരാതി രജിസ്റ്റർ ചെയ്തതായി അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശവും രജിസ്റ്റർ നമ്പരും ലഭിക്കും. പരാതികൾ നൽകുന്നതിനു പുറമേ വകുപ്പ് നൽകുന്ന സേവനങ്ങളെക്കുറിച്ച് അറിയുന്നതിനും കോൾസെന്റർ സേവനം പ്രയോജനപ്പെടുത്താം.
കോൾസെന്റർ നമ്പറുകൾ: ലാൻഡ്‌ലൈൻ: 155300, 2115054, 2115098, 2335523 (ലാൻഡ് ലൈനിലേക്ക് മൊബൈൽ ഫോണിൽ വിളിക്കുമ്പോൾ 0471 എന്ന കോഡ് ചേർത്ത് വിളിക്കണം.) മൊബൈൽ: 9400198198. വാർത്താ സമ്മേളനത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലീഗൽ മെട്രോളജി വകുപ്പ് കൺട്രോളർ പി. സുരേഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.