•  13000 ത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ ലക്ഷ്യം
  •  103.58 കോടി രൂപയുടെ പദ്ധതി

പാണഞ്ചേരി പഞ്ചായത്തിൽ ജൽജീവൻ മിഷന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സപ്ലൈ ലൈൻ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ നിർവഹിച്ചു. 64 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്.

കേന്ദ്ര – സംസ്ഥാന സർക്കാരുകളും പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിൽ കേന്ദ്ര സർക്കാർ 45 ശതമാനവും, സംസ്ഥാന സർക്കാർ 30 ശതമാനവും, പഞ്ചായത്തും ഉപഭോക്താക്കളും ചേർന്ന് 25 ശതമാനം തുകയും വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 103.58 കോടി രൂപ ചിലവഴിക്കുന്ന പദ്ധതി പ്രകാരം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ 2 ടാങ്കുകളും പുത്തൂർ പഞ്ചായത്ത് പരിധിയിൽ 1 ടാങ്കും സ്ഥാപിച്ചു കഴിഞ്ഞു. 13,000 ത്തോളം വരുന്ന കുടുംബങ്ങൾക്ക് പൈപ്പുലൈനുകൾ വഴി കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 2024 മാർച്ച് മാസത്തോടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാനാണ് ശ്രമം.

ആശാരിക്കാട് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ അനിത കെ വി അദ്ധ്യക്ഷത വഹിച്ചു. വാട്ടർ അതോററ്റി എക്സ്സിക്യൂട്ടിവ് എഞ്ചിനീയർ അനൂപ്, അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനീയർ ലിറ്റി ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം ഐശ്വര്യ ലിന്റോ, പഞ്ചായത്തംഗങ്ങളായ ആരിഫാ, സ്വപ്ന, അജിത, ദീപു പി എ, അനീഷ്, കെ എൻ ഗോപാലൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.