ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മാനാന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ മാനന്തവാടി എന്‍ജിനീയറിംഗ് കോളേജ് എന്‍.എസ്.എസ് അംഗങ്ങള്‍ക്കായി ദുരന്തനിവാരണ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ഗീത ബാബു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ദുരന്തത്തെ നേരിടാന്‍ പരിശീലനവും ബോധവത്കരണവും ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്നു നടന്ന സെമിനാറില്‍ ജില്ലാ ദുരന്തനിവാരണ വിഭാഗം ഡിസാസ്റ്റര്‍ അനലിസ്റ്റ് ആശ കിരണ്‍ ക്ലാസെടുത്തു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്കു പരിചയപ്പെടുത്തി. മുന്‍ക്കാലങ്ങളില്‍ നിന്നും വിഭിന്നമായി കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് മഴത്തുള്ളികള്‍ക്ക് വലിപ്പം കൂടിയതോടെ വയനാട്ടില്‍ മണ്ണിന്റെ സ്വഭാവിക ഘടന വിഘടിക്കുകയും ഇതെ തുടര്‍ന്ന് മണ്ണിന്റെ ജലാകീരണ ശേഷിക്ക് കാര്യമായ മാറ്റമുണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് തലത്തില്‍ ദുരന്ത നിവാരണ സേന രൂപികരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആശ കിരണ്‍ അറിയിച്ചു. ദുരന്തനിവാരണ മേഖലയിലെ വിവിധ ഉപരിപഠന സാധ്യതകളെ പരിചയപ്പെടുത്തുകയും തുടര്‍ന്നു വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കി.
ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ തങ്കമ്മ യേശുദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.എം അബ്ദുള്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് എന്‍. സതീഷ് കുമാര്‍, ബ്ലോക്ക് എക്‌സറ്റന്‍ഷന്‍ ഓഫിസര്‍ എന്‍. അനില്‍കുമാര്‍, കോളേജ് എന്‍.എസ്.എസ് കോര്‍ഡിനേറ്ററുമാരായ പി.ജെ സോഹന്‍, കെ.പി അലി എന്നിവര്‍ സംസാരിച്ചു. കോളേജിലെ നൂറോളം വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കാളികളായി.
