പ്രളയം നട്ടെല്ലൊടിച്ച വയനാടന്‍ കാര്‍ഷിക മേഖലയ്ക്കു പ്രതീക്ഷയുടെ കിരണമാവുകയാണ് കൂണ്‍കൃഷി. പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച കൂണ്‍കൃഷി സെമിനാറാണ് കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരുന്നത്. വിത്തു വിതച്ച് 21 ദിവസം കഴിഞ്ഞാല്‍ വിളവ് ലഭിക്കുന്ന കൂണ്‍കൃഷി വയനാടന്‍ കര്‍ഷകരുടെ പ്രളയാനന്തരം അതിജീവനത്തിന് അനുയോജ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പോഷകമൂല്യവും ഏറെ ഔഷധഗുണമുള്ള കൂണുകള്‍ രുചികരമായ ഭക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഉത്തമവുമാണ്. ഭക്ഷ്യയോഗ്യമായ കച്ചിക്കൂണ്‍, ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ എന്നിവ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കാം. ഗ്യനോഡര്‍മ, ഫെല്ലിനസ്, കോറിയോലസ് മുതലായവ ഔഷധഗുണമുള്ള കുമിളുകളാണ്. പ്രോട്ടീനിന്റെ സാന്നിധ്യം ഭക്ഷണ പദാര്‍ത്ഥം എന്ന നിലയിലും കൂണ്‍ അഥവ കുമിളിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. മറ്റേതൊരു പച്ചക്കറിയെക്കാളും കൂടുതല്‍ മാംസ്യം കുമിളിലടങ്ങിയിട്ടുണ്ട്. അതേസമയം, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കൊളസ്‌ട്രോളിന്റെ അളവ് കുമിളില്‍ വളരെ കുറവാണ്. പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്‌ലാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക് ആസിഡ് മുതലായവ കുമിളില്‍ അടങ്ങിയിരിക്കുന്നു.
സെമിനാര്‍ സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഇന്‍ചാര്‍ജ് വി.വി ശിവന്‍ ഉദ്ഘാടനം ചെയ്തു. കൂണ്‍ വിപ്ലവം നടത്താന്‍ കര്‍ഷകന്‍ തയ്യാറാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രെയിനിംഗ് കോഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സയന്റിസ്റ്റ് ജോസഫ് ജോണ്‍ വിഷയം അവതരിപ്പിച്ചു.

ലോകത്ത് 17-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ അറുപതുകളില്‍
ലോകത്ത് പതിനേഴാം നൂറ്റാണ്ടില്‍ ലൂയി പതിനാലാമന്റെ കാലത്താണ് ആദ്യമായി കൂണ്‍ കൃഷി ആരംഭിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ 1960-കളുടെ ആരംഭത്തില്‍ ഹിമാചല്‍പ്രദേശിലായിരുന്നു ഇതിനായുള്ള ആദ്യശ്രമം. ഇന്ത്യയില്‍ താരതമ്യേന വളരെ അടുത്ത കാലത്താണ് ഭക്ഷ്യയോഗ്യമായ കൂണ്‍ കൃഷി ആരംഭിക്കുന്നത്. ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ പതിനേഴാം നൂറ്റാണ്ടില്‍ പരീക്ഷിച്ച കൂണ്‍ കൃഷിരീതികള്‍ ഇന്നും പ്രസക്തമാണ്. ഭക്ഷ്യയോഗ്യമായവ, വിഷമുള്ളവ, ഔഷധഗുണമുള്ളവ, ലഹരി തരുന്നവ തുടങ്ങി വ്യത്യസ്ത ഗുണങ്ങളുള്ളവയാണ് കൂണുകള്‍. വിഷക്കൂണുകളെ ഭക്ഷ്യയോഗ്യമായവയില്‍ നിന്നു തിരിച്ചറിയാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വിരളമാണ്. ഇവ ജീവഹാനി വരെ വരുത്തുന്നതുമാണ്. പരിചയം കൊണ്ടുമാത്രമേ ഇവയെ തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ.