ഈ ഓണക്കാലത്ത് ക്ഷേമപദ്ധതികള്‍ക്കായി 20,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുവന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാജ്യമാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളം കാഴ്ചവയ്ക്കുന്നത്. ജില്ലയിലെ പ്രധാന വികസന പദ്ധതികളായ എ.സി. റോഡ്, ദേശീയ പാത 66, തീരദേശ ഹൈവേ എന്നിവയുടെ നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
28.45 കോടി രൂപ ചെലവില്‍ നിര്‍മിച്ച ശവക്കോട്ട, കൊമ്മാടി പാലങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2016 മുതല്‍ കേരളത്തില്‍ അധികാരത്തിലുള്ള ഇടതുസര്‍ക്കാര്‍ ആലപ്പുഴ പട്ടണത്തിനായി ഒട്ടേറെ കാര്യങ്ങളാണ് ചെയ്തത്. അതില്‍ ഏറ്റവും പ്രധാനമാണ് അടിസ്ഥാനസൗകര്യ വികസനം. ആലപ്പുഴ പട്ടണത്തെ പുതുക്കി പണിയണമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. ജില്ലയില്‍ നിന്നുളള മുന്‍ മന്ത്രിമാരായിരുന്ന ടി.എം. തോമസ് ഐസക്ക്, ജി. സുധാകരന്, പി. തിലോത്തമന് എന്നിവര്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് ജില്ലയ്ക്കായി ആസൂത്രണം ചെയ്തത്.
തീരാത്ത ഗതാഗത കുരുക്കായിരുന്നു ഒരു പ്രധാന പ്രശ്നം. ഇതിനൊരു ശാശ്വത പരിഹാരമാണ് ശവക്കോട്ട- കൊമ്മാടി പാലങ്ങളുടെ നവീകരണം. ആലപ്പുഴയുടെ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ ഈ പാലങ്ങള്‍ കൊണ്ടുവരും. ആലപ്പുഴക്കാര്ക്കുള്ള സര്‍ക്കാരിന്റെ ഓണസമ്മാനമാണ് നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് പദ്ധതികളെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ നിറവേറ്റുകയാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ടുകള്‍ ഓരോന്നായി കേന്ദ്രം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. കടമെടുപ്പ് പരിധി, ജി.എസ്.ടി., കിഫ്ബി പോലുള്ള പദ്ധതികള്‍ സംസ്ഥാനത്തിന്റെ ബാധ്യതയാക്കുക തുടങ്ങി സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എന്നാല്‍ ഏതു പ്രതിസന്ധിയും തരണം ചെയ്ത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിക്കുമെന്നും മന്ത്രി പറഞ്ഞു.
ശവക്കോട്ട പാലത്തിന് സമീപം നടന്ന ചടങ്ങില്‍ പി.പി. ചിത്തരഞ്ജന് എം.എല്‍.എ. അധ്യക്ഷനായി. എ.എം. ആരിഫ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി.