ഏഴ് വർഷംകൊണ്ട് 2.15 ലക്ഷം നിയമന ശുപാർശകളാണ് പി.എസ്.സി. നൽകിയത്: മന്ത്രി മുഹമ്മദ് റിയാസ്
കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 2,15,687 പേർക്കാണ് കേരള പി.എസ്.സി.യിലൂടെ നിയമന ശുപാർശ നൽകിയതെന്നും ഇത് സർവകാല റെക്കോർഡാണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആലപ്പുഴ ജില്ല പി.എസ്.സി ഓഫീസിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ നിരവധി പേരുടെ ആശ്രയമാണ് പി.എസ്.സി. ഈ വർഷം ജൂൺ അഞ്ച് വരെയുള്ള കണക്കുപ്രകാരം 55,000 പേർക്കാണ് നിയമന ശുപാർശ നൽകിയത്. നിയമന പ്രക്രിയയിൽ കേരള പി.എസ്.സി. മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുൻപന്തിയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പരീക്ഷകളും നിയമനങ്ങളും നടത്തുന്ന കേരള പി.എസ്.സി. രാജ്യത്തിന് തന്നെ മാതൃകയാണ്. പി.എസ്.സിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രാധാന്യമേറെയാണ്. ജില്ല പി.എസ്.സി. ഓഫീസിന്റെ പുതിയ കെട്ടിടം ജനങ്ങൾക്കെല്ലാം ഉപകാരപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.
ആലിശ്ശേരി റോഡിൽ നാലു നിലകളിലായി 22,787 ചതുരശ്ര അടി വിസ്തൃതിയിലാണ് പി.എസ്.സി. ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ ഉദ്യോഗാർഥികൾക്ക് സ്വന്തം ജില്ലയിൽ തന്നെ ഓൺലൈൻ പരീക്ഷകളെഴുതാനാകും.
ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജു അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, എച്ച്.സലാം എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടർ ഹരിത വി. കുമാർ, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, നഗരസഭാംഗം പി. രതീഷ്, പി.എസ്.സി. സെക്രട്ടറി സാജു ജോർജ്ജ്, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ. ബീന, പി.എസ്.സി. ജില്ല ഓഫീസർ എം.എ. ബിജുമോൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.